പന്നിക്കോട് എയുപി സ്കൂൾ വിദ്യാർഥികൾ വയലിലിറങ്ങി ഞാറുനടുന്നു.
മുക്കം: കൃഷിയെക്കുറിച്ചുള്ള അറിവ് പാഠപുസ്തകത്തിൽ ഒതുക്കാതെ നേരിട്ടുള്ള അനുഭവത്തിലൂടെ സ്വന്തമാക്കി പന്നിക്കോട് എയുപി സ്കൂളിലെ വിദ്യാർഥികൾ.
സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരിയുടെ എരഞ്ഞിമാവിലെ വയലിലെത്തിയാണ് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ടുകണ്ട് പഠിച്ചത്. ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ ‘വിത്ത് എന്ന മഹാദ്ഭുതം’, ‘ഗ്രാമീണ സ്ത്രീകൾ’ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പഠനയാത്ര.
അധ്യാപകർ ക്ലാസ് മുറിയിൽ പരിചയപ്പെടുത്തിയ കൃഷിയറിവുകൾ നേരിട്ട് മനസിലാക്കുന്നതിനൊപ്പം നെൽകൃഷിയുടെ പ്രായോഗിക വശങ്ങളും വിദ്യാർഥികൾ അടുത്തറിഞ്ഞു. വയലിലെത്തിയ വിദ്യാർഥികൾ പാടത്തെ ചെളിയിലിറങ്ങി ഞാറുനടുന്നതിലും പങ്കാളികളായി. വിത്ത് പാകുന്നതു മുതൽ ഞാറ് തയാറാക്കുന്നതും നടുന്നതും ഉൾപ്പെടെയുള്ള നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കർഷകത്തൊഴിലാളികളിൽനിന്ന് വിദ്യാർഥികൾ ചോദിച്ചറിഞ്ഞു. കൃഷിക്കായി കർഷകർ നടത്തുന്ന അധ്വാനവും വയലിലെത്തിയുള്ള പഠനത്തിലൂടെ കുട്ടികൾക്ക് നേരിട്ടറിയാനായി.
നെൽകൃഷിയെക്കുറിച്ച് പഠിക്കാനെത്തിയ വിദ്യാർഥികൾക്ക് അപ്രതീക്ഷിത അതിഥിയായെത്തിയത് പ്രവാസി വ്യവസായിയും പഴയകാല കർഷകനുമായ യു. അബ്ദുല്ല ഫാറൂഖിയായിരുന്നു. തന്റെ കർഷകജീവിതത്തിലെ അനുഭവങ്ങളും പാടത്തോടും കൃഷിയോടുമുള്ള ബന്ധവും അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചു.
കൃഷിയിൽനിന്ന് പുതിയ തലമുറ അകന്നുപോകുന്ന സാഹചര്യത്തിൽ കാർഷികവൃത്തിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മൂല്യവും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു.
സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ല ഫാറൂഖി മുഖ്യാതിഥിയായി. എസ്എംസി ചെയർമാൻ ബഷീർ പാലാട്ട്, എംപിടിഎ പ്രസിഡന്റ് അസൂറാബി റസാഖ്, വൈസ് പ്രസിഡന്റ് സലീന, പിടിഎ വൈസ് പ്രസിഡന്റ് രജീഷ് പരപ്പിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ രമ്യ സുമോദ്, പി.കെ. ഹഖീം കളൻതോട്, രമേശൻ, സി. സവ്യ, പി.കെ. ജിജി കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News pannikkodu field