കാക്കനാട്: തൃക്കാക്കര നഗരസഭയിലേക്ക് മൽസരിക്കാൻ ഇത്തവണയും സ്വതന്ത്രന്മാരുടെ പട തന്നെയുണ്ടാകും. 2020 ൽ യുഡിഎഫിനെ പിന്തുണച്ചവരിൽ അബ്ദുഷാന, വർഗീസ് പ്ലാശേരി, ഓമന സാബു ഫ്രാൻസിസ് എന്നിവർ ഇത്തവണയും സ്വതന്ത്രരായി തന്നെ മൽസരിച്ചേക്കും. കഴിഞ്ഞ തവണ കോൺഗ്രസ് നേതൃത്വം സീറ്റു നിഷേധിച്ചതിനെ തുടർന്ന് അഞ്ചു പേരാണ് സ്വതന്ത്ര സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിനെ നേരിട്ട് കൗൺസിലർമാരായത്.
പി.സി. മനൂപ്, കാദരുകുഞ്ഞ്, വർഗൂസ് പ്ലാശേരി, അബ്ദുഷാന, സാബു ഫ്രാൻസിസ് എന്നിവർക്കാണ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചത് . ഇവരിൽ പി.സി മനൂപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇടതുമുന്നണിക്കൊപ്പം ചേർന്നു. രണ്ടര വർഷത്തിനു ശേഷം കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ച് കാതരു കുഞ്ഞും ഇടതുമുന്നണിക്കൊപ്പം കൂടിയെങ്കിലും ഇത്തവണയും സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് ഇദ്ദേഹം ഭാരത് മാതാ കോളജ് വാർഡിൽ മൽസരിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് കൗൺസിലർ സ്ഥാനം രാജി വയ്ക്കാതെ സ്വതന്ത്ര കൗൺസിലർമാർക്ക് മറ്റേതെങ്കിലും പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ കഴിയില്ല. പദവി രാജിവച്ച് ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പാർട്ടിയുടെ അംഗമായാൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാൽ ഇവർക്ക് രാജിവയ്ക്കാൻ കഴിയില്ല. അത് അയോഗ്യതയായി കണക്കാക്കുകയും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും ഇലക്ഷൻ കമ്മീഷൻ ഇവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയിൽ അഞ്ചു കൊല്ലം പൂർത്തിയാക്കിയാണ് യുഡിഎഫ് ഇത്തവണ പടിയിറങ്ങുന്നത്.
Tags : local nattuvishesham Thrikkakara