കഴിഞ്ഞ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങിയ തൊമ്മന്‍കുത്ത് ചപ്പാത്ത്.
കരിമണ്ണൂര്‍: തൊമ്മന്‍കുത്തില്‍ കണ്ണാടിപ്പുഴയ്ക്കു കുറുകെയുള്ള പാലം ഉയര്‍ത്തി നിര്‍മിക്കാനുള്ള നടപടി വൈകുന്നു. എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകുന്ന പാലം പുതുക്കി നിര്‍മിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് പുതിയ പാലം നിര്‍മാണത്തിന് പച്ചക്കൊടി ലഭിച്ചത്. വനം വകുപ്പിന്റെ കടുത്ത എതിര്‍പ്പായിരുന്നു അനുമതി ലഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ തടസമായിനിന്നത്. ഇത് മറികടന്ന് അനുമതി ലഭിക്കാന്‍ രണ്ടു വര്‍ഷമെടുത്തു.
സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ കെഎസ്ടിപി തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് പഴയ ചപ്പാത്ത് നിലനിര്‍ത്തണമെന്നും സ്ഥലം ഏറ്റെടുത്ത് പുതിയപാലം നിര്‍മിക്കണമെന്നുമുള്ള ആവശ്യം ചിലര്‍ ഉയര്‍ത്തിയത്.
എന്നാല്‍ ചപ്പാത്ത് നിലനിര്‍ത്തി പാലം നിര്മിക്കണമെങ്കില് പള്ളിയുടെയും സ്വകാര്യ വ്യക്തിയുടെയും സ്ഥലം ഏറ്റെടുക്കണം. പാലം നിര്‍മാണത്തിനായി നിലവിലുള്ള കപ്പേള പൊളിച്ചു നല്കാന് പള്ളി തയാറാണ്. മറുഭാഗം വനഭൂമിയായതിനാല്‍ ഇവിടം വിട്ടുകിട്ടാന്‍ ഏറെ കടമ്പകള്‍ കടക്കണം. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്തന്നെ വര്‍ഷങ്ങള്‍ കാത്തിരിക്കണം.
കെഎസ്ടിപിക്ക് ഇനി ഒരുവര്‍ഷം മാത്രമാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ളത്. ഇതിനിടയില്‍ അനുമതി ലഭിച്ച് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജര്‍മന്‍ സഹായത്തോടെ നിര്‍മിക്കുന്ന നെയ്യശേരി - തോക്കുമ്പന്‍ സാഡില്‍ റോഡിന്റെ ഭാഗമാണ് കരിമണ്ണൂര്‍ മുതല്‍ തൊമ്മന്‍കുത്തു വരെയുള്ളഭാഗം.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് തൊമ്മന്‍കുത്ത്, നാരങ്ങാനം തുടങ്ങിയ അവികസിത മേഖലകളിലൂടെ ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നത്. തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും റോഡ് നിര്‍മാണം സഹായകരമാകും.
തൊമ്മന്‍കുത്ത് പുഴയ്ക്കു കുറുകെയുള്ള ചപ്പാത്തിന് പകരം പാലം ഉയര്‍ത്തി നിര്‍മിക്കുന്നത് മേഖലയ്ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. മഴക്കാലത്ത് പതിവായി വെള്ളത്തില്‍ മുങ്ങുന്ന തൊമ്മന്‍കുത്ത് പാലം അടിയന്തരമായി ഉയര്‍ത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Bridge