പാലാ സിവില്സ്റ്റേഷന് ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ബൈപാസ് റോഡില്‍ ഊഴം കാത്തുകിടക്കുന്നു.
പാലാ: ടൗണിലെ വാഹനത്തിരക്കിന് ആശ്വാസം പകര്‍ന്ന് നിര്‍മിച്ച ബൈപാസിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ പായുമ്പോഴാണ് സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ കുരുക്ക് പതിവാകുന്നത്. നഗരത്തിലെ തിരക്കേറിയ നാല്ക്കവലയില് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും പാടുപെടുകയാണ്. ബൈപാസും പാലാ-കൂത്താട്ടുകുളം റോഡും സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ സംഗമിക്കുന്നിടത്താണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്.
രാമപുരം, വൈക്കം, തൊടുപുഴ റോഡുകളില്‍നിന്ന് ഇവിടേക്ക് എത്തുന്ന വാഹനങ്ങള്‍ ഒന്നാകെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ എത്തുമ്പോഴാണ് അഴിയാക്കുരുക്കാകുന്നത്.
തിരക്കുള്ള രാവിലെയും വൈകുന്നേരവും ജംഗ്ഷന് കടന്നുപോവുകതന്നെ ബുദ്ധിമുട്ടാണ്. ബൈപാസിലൂടെ വാഹനങ്ങള്‍ പുത്തന്‍പള്ളിക്കുന്ന് ഇറക്കമിറങ്ങി അമിതവേഗതയിലാണ് പലപ്പോഴും വരുന്നത്. ഇത് അപകടഭീഷണി ഉണ്ടാക്കുന്നു. സിവില്‍സ്റ്റേഷനു മുന്നിലെ നാലും കൂടിയ കവലയില്‍ താത്കാലികമായൊരു ട്രാഫിക് ഐലന്റ് തീര്‍ത്തിട്ടുണ്ടെങ്കിലും ഗതാഗതനിയന്ത്രണം ഏറെ ദുഷ്കരമാണ്. റോഡില്‍നിന്നാണ് ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നത്. ചില സമയങ്ങളില്‍ നാലു പോലീസ് ഉദ്യോഗസ്ഥരെങ്കിലും വേണ്ടിവരുന്ന സാഹചര്യവുമുണ്ട്. പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍.
സ്കൂള്‍ അവധി കഴിഞ്ഞതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നിരിക്കെ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
Tags : Civil Station Junction nattuvishasham local news