റമിസ് സല്മാന്
പൂക്കോട്ടുംപാടം: മുന്‍ വൈരാഗ്യം കാരണം ബസിന്റെ എഞ്ചിനുള്ളിലേക്ക് ഉപ്പിട്ട് കേടുപാട് വരുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് കേരള പൂച്ചപ്പടി സ്വദേശി റമിസ് (19), കാരപ്പുറം പോത്തന്‍കോടന്‍ സല്മാന് (31) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്ഐ അബ്ദുല്‍ കരീം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം. പൂക്കോട്ടുംപാടത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സികെബി ബസിന്റെ എൻജിന് നശിപ്പിച്ച കേസിലാണ് നടപടി. എൻജിന്റെ തകരാര്‍ പരിഹരിക്കാന്‍ ബസ് ഉടമക്ക് മൂന്ന് ലക്ഷത്തോളം രൂപ ചെലവായെന്നാണ് പരാതി. ബസ് ഉടമ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് കൃത്യം നടത്താന്‍ കാരണമെന്നാണ് പ്രതികളുടെ മൊഴി. സംഭവ ദിവസം പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള കാര്‍ പെട്രോള്‍ പമ്പ് പരിസരത്ത് എത്തിയതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവും സിസിടിവി ദൃശ്യങ്ങളുമാണ് വഴിതിരിവായത്.എഎസ്ഐ പി. അബ്ദുല്‍ സലീം, എസ്സിപിഒമാരായ ദീപക്, സതീശന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.