പോത്തൻകോട്: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന നാല് ബസുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.
മൂന്നു ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായുമാണ് കത്തിനശിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ശബ്ദംകേട്ട് ഉണർന്ന സമീപവാസികളായ നാട്ടുകാരാണു സ്കൂൾ വളപ്പിൽ കിടന്ന ബസുകൾ കത്തുന്നതായി കണ്ടത്. തുടർന്നു സമീപവാസികൾ കഴക്കൂട്ടം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്.ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽനിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തി തീയണച്ചു. തീപിടിത്തത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നും മനഃപൂർവം തീയിട്ടതാണെന്നും സ്കൂൾ അധികൃതർ ആരോപിച്ചു.
നാലു വാഹനങ്ങളാണ് സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നത്. മൂന്നു ബസുകൾ ഒരിടത്തും ട്രാവലർ മറ്റൊരിടത്തുമാണ് നിർത്തിയിട്ടിരുന്നത്. അവിടെനിന്നു വാഹനമെടുത്തു ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഇത് ദുരൂഹത ഉയർത്തുന്നുണ്ട്.
ബസിന്റെ ഡ്രൈവറെത്തിയാണ് ഒരു ബസ് അവിടെ നിന്നും എടുത്ത് മാറ്റിയത്. സ്കൂളിൽ സിസിടിവി കാമറകൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags : nattu vishesham Three vehicles parked on school