തൃശൂർ നായ്ക്കനാലിലെ മുത്തശിആലിനു പകരമായി കർണാടകയിലെ ഹൊസൂരിൽനിന്നു കേരള വനഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ എത്തിച്ച ആലിൻതൈ നട്ടപ്പോൾ. -ദ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് 20നു കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളിക്ഷേത്രങ്ങളായ തിരുവന്പാടിയിൽ രാവിലെ പതിനൊന്നിനും 11.30നും ഇടയിലും പാറമേക്കാവിൽ രാവിലെ 11.30നുമാണു കൊടിയേറ്റം.
തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ 8.30 മുതൽ പത്തുവരെ തിരുവന്പാടി രമേശ് മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിനുശേഷമാണ് കൊടിയേറ്റം.
തുടർന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് ഷൊർണൂർ റോഡ് വഴി നായ്ക്കനാലിലെത്തി വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കു കയറുന്പോൾ ഉപചാര വെടിക്കെട്ടു നടക്കും. ശ്രീമൂലസ്ഥാനത്തു മേളം കൊട്ടിത്തീർന്ന് വൈകീട്ട് അഞ്ചോടെ പടിഞ്ഞാറെചിറയിൽ ആറാട്ട്. തുടർന്നു ക്ഷേത്രത്തിലേക്കു മടങ്ങുന്പോൾ പറയെടുപ്പ്.
പാറമേക്കാവിൽ രാവിലെ 11നു വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിനിർത്തി ദേശക്കാർ കൊടി ഉയർത്തും. തുടർന്നു ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികൾ ഉയർത്തും. പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റും. ശേഷം അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീർഥക്കുളത്തിൽ തന്ത്രിയുടെ കാർമികത്വത്തിൽ ആറാട്ടും നടക്കും. കൊടിയേറ്റം കഴിഞ്ഞുള്ള മേളത്തിനുശേഷം വെടിക്കെട്ടുമുണ്ടാകും.
പൂരത്തിൽ പങ്കാളികളായ മറ്റു ഘടകക്ഷേത്രങ്ങളിലും 20നാണു കൊടിയേറുക. ഇതിൽ ലാലൂർ, അയ്യന്തോൾ കാർത്യായനി ഭഗവതിക്ഷേത്രങ്ങളിൽ രാവിലെയും ചെന്പൂക്കാവ് കാർത്യായനി ക്ഷേത്രം, കിഴക്കുന്പാട്ടുകര പനമുക്കുംപിള്ളി ശ്രീധർമശാസ്താ ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, ചൂരക്കോട്ടുകാവ് ശ്രീദുർഗാദേവി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ വൈകീട്ട് ദീപാരാധനയ്ക്കുശേഷം വിവിധ സമയങ്ങളിലുമാണു കൊടിയേറ്റുക. അയ്യന്തോൾ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ഒരുമിച്ചും മറ്റു ക്ഷേത്രങ്ങളിൽ ദേശക്കാരും ചേർന്നാണു കൊടിയേറ്റം നിർവഹിക്കുക.
Tags : Thrissur Pooram nattuvishesham local news