തൃശൂർ: ബജറ്റ് പ്രഖ്യാപനമായതോടെ, നഗരമധ്യത്തിലെ പച്ചത്തുരുത്തായ, ചെമ്പൂക്കാവിലെ ചരിത്രപ്രസിദ്ധമായ തൃശൂർ മ്യൂസിയം- മൃഗശാല കോമ്പൗണ്ട് സസ്യോദ്യാനവും വിശ്രമകേന്ദ്രവുമായി വിനോദസഞ്ചാരകേന്ദ്രമാകാൻ ഒരുങ്ങുന്നു.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2022-23ൽ തൃശൂരിൽ പുതിയൊരു സംസ്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലം സംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. യുഡിഎഫിന്റെ ആദ്യ ബജറ്റിലാണ് 20 കോടി വകയിരുത്തി മൃഗശാലയുടെ പേരെടുത്തുപറഞ്ഞുള്ള നിർണായകപ്രഖ്യാപനമുണ്ടായത്.
മൃഗശാല പുത്തൂരിലെ പുതിയ വൈൽഡ്ലൈഫ് സഫാരി പാർക്കിലേക്കു പൂർണമായി മാറിയ സാ
ഹചര്യത്തിലാണ് ചെമ്പൂക്കാവിലെ വിസ്തൃതമായ ഭൂമി പ്രകൃതിഭംഗി ഒട്ടുംചോരാതെ സംരക്ഷിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.
നിലവിലുള്ള മരങ്ങൾ മുറിച്ചുമാറ്റാതെയും പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെയും കോന്പൗണ്ടിനകം ഹരിതാഭമായ സസ്യോദ്യാനമായും വിശ്രമകേന്ദ്രമായും നിലനിർത്തുകയാണു ലക്ഷ്യം. ഇതോടെ മൃഗശാലാ കോമ്പൗണ്ടിന്റെ വികസനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ചിരുന്ന വിപുലമായ മ്യൂസിയം പദ്ധതിയും യാഥാർഥ്യമാകും. ഇതിനായുള്ള പ്രാരംഭനടപടികൾ നേരത്തേത്തന്നെ ആരംഭിച്ചിരുന്നു.
വൃക്ഷനിബിഡവും ജൈവസന്പുഷ്ടവുമായ 80 സെന്റ് സ്ഥലത്താണ് മൃഗശാല പ്രവർത്തിച്ചിരുന്നത്. മൃഗശാല, കാഴ്ചബംഗ്ലാവ് പ്രദേശത്തെ മൊത്തം ഭൂവിസ്തൃതി 14.07 ഏക്കറാണ്. ഇതിന്റെ 2.31 ശതമാനം പ്രദേശത്തു കെട്ടിടങ്ങളാണ്. ബാക്കിയുള്ള 10.43 ഏക്കർ ഭൂമി പച്ചത്തുരുത്താണ്.
തൃശൂർ നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഈ പച്ചത്തുരുത്ത് അത്യന്താപേക്ഷിതമാണെന്നും മൃഗശാല പുത്തൂരിലേക്കു മാറ്റുന്പോൾ പച്ചപ്പുകൾ നിലനിർത്തി സംരക്ഷിക്കണമെന്നും പ്രകൃതിസ്നേഹികളും തൃശൂർനിവാസികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
Tags : sanctuary Nattuvishesham Distric News