പരപ്പനങ്ങാടി പുത്തൻപീടികയിലെ നവജീവൻ വായനശാല കെട്ടിടം.
പരപ്പനങ്ങാടി: അവാർഡുകളുടെ തിളക്കത്തിൽ എ പ്ലസ് ഗ്രേഡിലേക്കുള്ള പ്രയാണവുമായി പരപ്പനങ്ങാടി പുത്തൻപീടികയിലെ നവജീവൻ വായനശാല. 13000ത്തിൽപ്പരം പുസ്തകങ്ങളും 300ലധികം സജീവ അംഗങ്ങളുമായി ഒരു നാടിനാകെ വെളിച്ചം പകർന്ന് മുന്നേറുകയാണ് ഈ ഗ്രന്ഥശാല.
സ്വാതന്ത്ര്യ സമരസേനാനി യജ്ഞമൂർത്തി നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 1952-ൽ സ്ഥാപിച്ച നവജീവൻ വായനശാല ഇക്കാലമത്രയുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ യുവകവിത അവാർഡ്, സാംസ്കാരിക അവാർഡ്, ജനപ്രിയ അവാർഡ് എന്നിവ സ്വന്തമാക്കി.
പ്രഥമ പ്രസിഡന്റായ നന്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടവും പുസ്തകങ്ങളും ഫർണിച്ചറും ഉപയോഗപ്പെടുത്തി ജനകീയമായി വളരുകയാണ് ഈ വായനശാല. പുസ്തക വായനയ്ക്കൊപ്പം ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചിത്രകല, അബാക്കസ് എന്നിവയിലും പരിശീലനം നൽകുന്നു.
വനിത വേദി, ബാലവേദി, വയോജന വേദി, യുവത, നവജീവൻ ഫിലിം ക്ലബ് എന്നിവയും ഗ്രന്ഥശാലയുടെ ഭാഗം. പൂമരം പ്രത്യേക അംഗത്വം, നാടകം, ഗസൽ, സംഗീതപരിപാടികൾ എന്നിവ ആഘോഷപൂർവം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനെല്ലാം പുറമെ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് നവജീവൻ റേഡിയോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
മികച്ച പുസ്തകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വായിച്ച് റിക്കാർഡ് ചെയ്ത് വിദ്യാർഥികൾ അടക്കമുള്ളവരിലേക്ക് പങ്കുവയ്ക്കുകയാണ് ഈ സംവിധാനത്തിലൂടെ. നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം വർഷത്തിലേക്കും എത്തിയിരിക്കുന്നു. കെ.പി. മനീഷ് ആണ് നവജീവൻ സെക്രട്ടറി. വിനോദ് തള്ളശേരിയാണ് പ്രസിഡന്റ്.
നവജീവനെ കൂടുതൽ ജനകീയമാക്കും
നവീന സൗകര്യങ്ങളും പുതിയ പുസ്തകങ്ങളും സജ്ജമാക്കി പുതുതലമുറയിലെ കുട്ടികളെ വായനശാലയിലേക്ക് ആകർഷിക്കാനാണ് ശ്രമം. മൊബൈൽ ഫോണുകൾക്ക് മുന്നിൽ ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള സങ്കേതമായും വായനശാലയെ ഉപയോഗപ്പെടുത്തുകയാണ്. എ ഗ്രേഡുള്ള വായനശാല അധികം വൈകാതെ തന്നെ എ പ്ലസ് ഗ്രേഡിലെത്തും. ജനങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.
Tags : Local News Nattuvishesham Malappuram