രവി വാഴത്തോട്ടത്തിൽ.
നെയ്യാറ്റിന്‍കര : പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടില് തിരിച്ചെത്തിയ നല്ലൂര്‍വട്ടം സ്വദേശി രവിക്ക് പ്രതികൂല സാഹചര്യത്തെ അതിജീവിക്കാന്‍ തുണയായത് മണ്ണിനോടും കൃഷിയോടുമുള്ള അതിരില്ലാത്ത സ്നേഹവും ആഭിമുഖ്യവും. വയലില്‍ പണിയെടുക്കുന്പോഴുള്ള ആത്മസംതൃപ്തിയും ആരോഗ്യാവസ്ഥയും മറ്റൊന്നില്‍ നിന്നും നേടാനാകില്ലായെന്നതാണ് ഏറെ അനുഭവസന്പത്തുള്ള ഈ മനുഷ്യന്റെ ജീവിതപ്രമാണം.
അബുദാബിയിലെ ഒരു പതിറ്റാണ്ടോളം നീണ്ട അധ്വാനത്തിനിടയില്‍ സംഭവിച്ച വീഴ്ചയും കാലിനേറ്റ പരിക്കും നാട്ടിലേയ്ക്ക് മടങ്ങാന്‍ രവിയെ പ്രേരിപ്പിച്ചു. ആറു മാസത്തിലേറെക്കാലത്തെ ആശുപത്രിവാസവും ചികിത്സയും പൂര്‍ത്തിയായെങ്കിലും കാലിന്റെ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ല. തന്പാനൂരില്‍ ഓട്ടോറിക്ഷ ഓടിച്ചും വീടിനു സമീപം ചെറിയ കട ആരംഭിച്ചും ജീവിതം തുടര്‍ന്നെങ്കിലും ആ വരുമാനമൊന്നും അത്ര ഭേദമായിരുന്നില്ല.
അങ്ങനെയാണ് പണ്ടു മുതല്ക്കേ താത്പര്യമുണ്ടായിരുന്ന കാര്‍ഷിക മേഖലയിലേയ്ക്ക് രവി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്. നല്ലൂര്വട്ടത്തെ വയല്‍ പാട്ടത്തിനെടുത്ത് വാഴയും മരച്ചീനിയും പച്ചക്കറികളും കൃഷി ചെയ്തു. തുടക്കത്തില്‍ ചെളിയില്‍ കാല് അമര്ത്തുന്പോഴും ചെളിയില്‍ മുങ്ങിയ കാല് പുറത്തേയ്ക്ക് വലിക്കുന്പോഴും അസഹനീയമായ വേദന അനുഭവപ്പെട്ടു.
തളരാതെ എല്ലാറ്റിനെയും പരിപാലിച്ചു. കൃഷിയിടത്തിലെ ചാലില്‍ നിന്നും വെള്ളം കോരി എല്ലാ വിളകള്‍ക്കും ഒഴിച്ചു. അതാത് ഘട്ടങ്ങളില്‍ ആവശ്യത്തിന് കോഴിവളവും ചാണകപ്പൊടിയും കടലപ്പിണ്ണാക്കും എല്ലുപൊടിയും നല്കി. ഓരോ തവണയും രവിയുടെ പരിപാലനത്തിലെ നന്മയ്ക്ക് മേന്മയേറിയ വിളവ് ലഭിച്ചു. ഇടയ്ക്ക് രവി കാര്യമായ കാര്‍ഷിക പരീക്ഷണങ്ങളും നടത്തി. ഒരിടത്തു തന്നെ പാവലും പയറും സലാഡ് വെള്ളരിയും കൃഷി ചെയ്ത് വിജയിപ്പിച്ചു.
ഉയരം കുറവായ മഞ്ജരി കുള്ളന്‍ നേന്ത്രവാഴയാണ് നിലവില്‍ കൃഷി ചെയ്തിട്ടുള്ളത്. ഒരു കൃഷിയിടത്തില്‍ മാത്രം ആയിരത്തോളം വാഴയുണ്ട്.
ഒരേക്കറിലധികം മരച്ചീനിയും നല്ലൂര്വട്ടത്തെ കൃഷിയിടത്തില്‍ കാണാം. ഭാര്യ ഉഷയും മകന് വിപിനും മരുമകള്‍ മഞ്ജുഷയും പേരക്കിടാങ്ങളായ വിഹാനും വിശ്വനുമൊക്കെ കൃഷിയോട് സൗഹൃദ മനോഭാവം പുലര്‍ത്തുന്നവരാണ്.
വിളവെടുപ്പ് നേരങ്ങളില്‍ രാവിലെ നാലോടെ തന്നെ രവി കൃഷിയിടത്തിലെത്തിച്ചേരും. ഏഴിനു മുന്‍പ് പൂഴിക്കുന്ന് ചന്യില് പച്ചക്കറികളെത്തിക്കും. വാഴക്കുല നല്‍കുന്നത് ഹോര്‍ട്ടിക്കോര്‍പ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളത്തിന്റെയും വിപണികളിലാണ്.