ചൂരല്‍മല ഉരുള്‍പൊട്ടൽ (ഫയല്‍ ചിത്രം)
എടക്കര: ഉരുൾപൊട്ടൽ ദുരന്തം നടന്നത് വയനാട് ജില്ലയിലാണെങ്കിലും അതിന്റെ വ്യാപ്തിയുടെ നേര് സാക്ഷികളാകേണ്ടിവന്നത് മുപ്പത് കിലോമീറ്റര്‍ അകലെ ചാലിയാറിന്റെ തീരങ്ങളിലുള്ളവരായിരുന്നു. ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി വെള്ളം കലങ്ങി മറിഞ്ഞ് തീരങ്ങളില്‍ ചേതനയറ്റ മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിതറി മൃതവാഹിനിയായി അന്ന് ചാലിയാര്‍ മാറി. ജൂലൈ 30ന് പുലര്‍ച്ചെ മൂന്നോടെ തീരങ്ങളില്‍ മത്സ്യങ്ങള്‍ പിടിക്കാൻ പോയ മുണ്ടേരി വാണിയംപുഴ ഊരിലെ ആദിവാസികളാണ് ആദ്യമായി മൃതദേഹങ്ങള്‍ കാണുന്നത്. തുടര്‍ന്ന് ചാലിയാറിന്റെ വിവിധ കടവുകളിലും തീരങ്ങളിലും തലയറ്റതും കൈകാലുകള്‍ അറ്റതും ഉടലുകള്‍ വേര്‍പ്പെട്ടതുമായ നിരവധി മൃതദേഹങ്ങള്‍ അടിഞ്ഞുകൊണ്ടേയിരുന്നു.
വിവരമറിഞ്ഞതോടെ പോലീസും അഗ്നിരക്ഷാ സേനയും വിവിധ വകുപ്പുകളും രക്ഷാപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും മുണ്ടേരിയിലേക്ക് ഒഴുകിയെത്തി. വെള്ളം കുറഞ്ഞതോടെ ചാലിയാറിന്റെ തീരങ്ങളില്‍ ചേതനയറ്റ മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും ചിന്നഭിന്നമായി കിടക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു. ദുരന്തത്തില്‍ നാമാവശേഷമായ വെള്ളാര്‍മല സ്കൂളിലെ കുരുന്നുകളുടെ ബാഗുകളും നനഞ്ഞ് കുതിര്‍ന്ന പുസ്തകങ്ങളും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും തീരങ്ങളില്‍ ചിതറിക്കിടക്കുന്ന കാഴ്ചകള്‍ മലയോര ജനതയുടെ കരളലിയിച്ചു.
പിന്നീട് ചാലിയാറിന്റെ സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ നിലമ്പൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നടന്ന തെരച്ചിലില്‍ പൊന്തകളിലും മരങ്ങളിലും പാറക്കെട്ടുകളിലും ഉടക്കിക്കിടന്ന നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. വാണിയംപുഴ, ഇരുട്ടുകുത്തി, മുണ്ടേരി കമ്പിപ്പാലം, മുക്കം, അമ്പുട്ടാന്‍പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, പനങ്കയം, ഉപ്പട ഗ്രാമം, പൂക്കോട്ടുമണ്ണ, ചുങ്കത്തറ, കൈപ്പിനി, നിലമ്പൂര്‍ ചാലിയാര്‍മുക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ ലഭിച്ചത്.
കേന്ദ്ര സേനയായ എന്‍ഡിആര്‍എഫ്, കേരള പോലീസ്, അഗ്നി രക്ഷാ സേന, വിവിധ റസ്ക്യു സേനകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഉടുമുണ്ട് അഴിച്ച് മൃതദേഹങ്ങള്‍ പൊതിഞ്ഞ് തോളിലേറ്റി കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിച്ച് പുഴ മുറിച്ച് കടക്കാനായി ചങ്ങാടം തുഴഞ്ഞുമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം
എടക്കര: സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെ്ട്ടത് ഉരുള്‍ദുരന്തത്തിലെ ചരിത്രസംഭവമാണ്. ഒരു മാസത്തിലേറെ ചാലിയാറിന്റെ തീരങ്ങളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുവരെ നടത്തിയ തെരച്ചിലില്‍ വിവിധ ഭഗങ്ങളില്നിന്നായി 80 മൃതദേഹങ്ങളും 176 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതില്‍ 41 പുരുഷന്മാരും 32 സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
വേദനിച്ച് നിലമ്പൂരിന്റെ മനസ്
മണ്ണാഴങ്ങളില്‍ പുതഞ്ഞ് ഇനിയും കണ്ടെത്താനാകാതെ നിരവധി മനുഷ്യജീവനുകള്‍ ചാലിയാറിന്റെ തീരങ്ങളില്‍ ഇനിയുമുണ്ടാകുമെന്നാണ് അനുമാനം. വയനാട് ജില്ലയിലെ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ കാലവര്‍ഷം തിമിര്‍ക്കുമ്പോള്‍ നിലമ്പൂരിന്റെ മനസാണ് ആശങ്കയിലാഴുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇരുട്ടുകുത്തി കടവില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകേ പാലം നിര്‍മാണം പൂര്‍ത്തിയായതാണ് ജനങ്ങളുടെ ഏക ആശ്വാസം.
Tags : Chooralmala landslide disaste NattuVishasham DistrictNews