മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനകുഴിയിലെ ഭൂസമര കേന്ദ്രം.
സുൽത്താൻ ബത്തേരി: മഴ ശക്തിപ്രാപിച്ചതോടെ മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ ഭൂസമര കേന്ദ്രങ്ങളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾ ആശങ്കയുടെയും ദുരിതത്തിന്റെയും നാളുകളാണ് തള്ളിനീക്കുന്നത്.
വർഷങ്ങളായി വനഭൂമിയിൽ കുടിൽകെട്ടി ഭൂസമരം നടത്തി വരുന്ന കുടുംബങ്ങളാണ് മഴക്കാലത്ത് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനകുഴി, അപ്പാട് പ്രദേശങ്ങളിലെയും പൂതാടി പഞ്ചായത്തിലെ മരിയനാട് മേഖലയിലെയും നിരവധി ആദിവാസി കുടുംബങ്ങളാണ് താത്കാലിക കുടിലുകളിൽ കഴിയുന്നത്. കനത്ത മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരകളും ചുറ്റുപാടുകളും ജീവിതം ദുസഹമാക്കുകയാണ്.
പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നത്. കുടിലുകൾക്ക് സമീപമുള്ള വൻമരങ്ങൾ കടപുഴകി വീഴാറായ നിലയിലാണെന്നും ശക്തമായ കാറ്റിലും മഴയിലും ദുരന്തഭീഷണി നിലനിൽക്കുന്നതായും നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ഭയത്തോടെയാണ് പല കുടുംബങ്ങളും കഴിയുന്നത്. കുടിവെള്ള ക്ഷാമവും മേഖലയിലെ പ്രധാന പ്രശ്നമാണ്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ്. സുരക്ഷിതത്വമില്ലാത്ത ജലസ്രോതസുകളെ ആശ്രയിച്ചാണ് പല കുടുംബങ്ങളുടെയും ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്.
മഴക്കാലത്ത് ജലസ്രോതസുകൾ മലിനമാകാനുള്ള സാധ്യത കൂടുതലായിരിക്കെ ഇവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കിണറുകളും കുടിവെള്ള സ്രോതസുകളും ശുചീകരിക്കുകയും ആരോഗ്യവകുപ്പിന്റെ പരിശോധനകൾ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭൂസമര കേന്ദ്രങ്ങളിലെ കുടുംബങ്ങൾ അവഗണിക്കപ്പെടുന്നതെന്ന പരാതിയും ശക്തമാണ്.
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യസംരക്ഷണ നടപടികളും മെഡിക്കൽ ക്യാന്പുകളും ഭൂസമര കേന്ദ്രങ്ങളിൽ അടിയന്തരമായി സംഘടിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സുരക്ഷിതമായ താമസസൗകര്യം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ആരോഗ്യരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു. മഴക്കാലത്ത് ദുരിതം രൂക്ഷമാകുന്നതിന് മുൻപ് സമരകേന്ദ്രങ്ങളിലെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags : Local News Nattuvishesham Wayanad