അക്ഷയ ബിഗ് ക്യാമ്പയിൻ ക്യാമ്പിലൂടെ വിവിധ ആദിവാസി ഉന്നതി നിവാസികൾക്ക് അവശ്യ രേഖകൾ കൈമാറുന്നു.
വാണിയംപാറ: അക്ഷയ ബിഗ് കാമ്പയിൻ ക്യാമ്പിലൂടെ വിവിധ ആദിവാസി ഉന്നതി നിവാസികൾക്ക് അവശ്യ രേഖകൾ നൽകി. പഴയന്നൂർ, പാണഞ്ചേരി, ചേലക്കര പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ നിന്നുള്ള 132 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
59 പേർക്ക് ആധാർ, 22 പേർക്ക് റേഷൻ കാർഡ്, 36 പേർക്ക് കെ-സ്മാർട്ട്, 23 പേർക്ക് ഇ-ജില്ല സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾ ലഭിച്ചു. കൂടാതെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, വീട്ടുനമ്പർ, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയും ലഭിച്ചു.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക രേഖകൾ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റൈസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ നാലാംഘട്ട ക്യാമ്പാണ് വാണിയംപാറയിൽ നടന്നത്.
ജില്ലാ ഭരണകൂടം, ടൈബൽ ഡെവലപ്മെന്റ് വകുപ്പ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്, സംസ്ഥാന ഐടി മിഷനും അക്ഷയയും താലൂക്ക്, വില്ലേജ് ഓഫീസുകൾ, സിവിൽ സപ്ലൈസ്, ലീഡ് ബാങ്ക്, ആരോഗ്യ കൃഷി വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് ഉദ്ഘാടനം ചെയ്തു. അംഗം സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം.ശശി, അസിസ്റ്റന്റ് സെക്രട്ടറി അരുൺ, പഞ്ചായത്തംഗങ്ങളായ സി.കെ.കൃപ, എം.എം.ജിജി, അക്ഷയ ജില്ലാ ഓഫീസ് ഉദ്യോഗസ്ഥരായ എസ്. സനൽ, നിർമല മാധവൻ, ധന്യ മേനോൻ ബി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എൽ.പി പ്രദീപ്, എസ്.ടി പ്രമോട്ടർമാർ എന്നിവർ നേതൃത്വം നൽകി.