എം.എ. അജ്മൽ
ചെറുതോണി: വോളിബോൾ മൈതാനത്ത് പന്തിനുപിന്നാലെ പാഞ്ഞുനടന്ന ബാല്യത്തിൽനിന്ന് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനിക ജീവിതത്തിലെത്തിയ ധീര ജവാന് ജന്മനാട്ടിൽ ആദരവ്. രാജ്യത്തിന് എക്കാലത്തും അഭിമാനമായ ഓപ്പറേഷൻ സിന്ദൂറിൽ പങ്കാളിയായി കളിക്കളത്തിലെ ആവേശവും രാജ്യസേവനത്തിന്റെ അഭിമാനവും ഒരുപോലെ നെഞ്ചേറ്റിയ മണിയാറൻകുടി മാങ്കുഴിയിൽ എം.എ. അജ്മലിനാണ് വോളിബോൾ മൈതാനിയിൽ ആദരവൊരുക്കിയിരിക്കുന്നത്.
16 വർഷത്തെ സൈനികസേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജവാന് ആദരമർപ്പിക്കാനൊരുങ്ങുകയാണ് നാടിന്റെ കായികലോകം. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സൈനിക ദൗത്യങ്ങളിൽ പങ്കാളിയായ അജ്മൽ ഒക്ടോബർ 31നാണ് ഹവിൽദാറായി ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ചത്.
വോളിബോളിനോടുള്ള കമ്പമാണ് അജ്മലിനെ സൈനികജീവിതത്തിലേക്കുള്ള വഴിയിൽ എത്തിച്ചതെന്നു പറയാം. പിതാവ് അലി വോളിബോൾ പ്രേമിയായിരുന്നു. അദ്ദേഹത്തോടൊപ്പം വയലാർ ക്ലബ്ബിൽ കളി കാണാനും കളിക്കാനുമൊക്കെ പോയിരുന്ന ബാലനിൽ പതിയെ ആ കായികവിനോദത്തോടുള്ള താത്പര്യവും വളർന്നുവന്നു. മണിയാറൻകുടി ഗവ. സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചു. വോളിബോളിനെ ഗൗരവത്തോടെ സമീപിച്ച അജ്മൽ പിന്നീട് കായികരംഗത്ത് സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു.
2006 -ൽ വാഴത്തോപ്പ് സെന്റ് ജോർജ് വോളിബോൾ അക്കാദമിയിൽ കോച്ച് പയസ് മാത്യുവിന്റെ പരിശീലനത്തിലൂടെ കളിയിലെ മികവ് മെച്ചപ്പെടുത്തി. 2008-ൽ കേരള ജൂനിയർ ടീമിൽ ഇടം നേടി. ഓൾ ഇന്ത്യ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിക്കാനായതും കരിയറിലെ പ്രധാന നേട്ടമായി. 2009ൽ പാലാ സെന്റ് തോമസ് കോളജിൽ കായികാധ്യാപകനായ നവാസിന്റെ കീഴിൽ പരിശീലനം തുടർന്നതോടെ കളിയിലെ മികവിന് കൂടുതൽ കരുത്തുപകർന്നു.
2010 സെപ്റ്റംബർ 20ന് വെല്ലിംങ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിന്റെ വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതത്തിൽ പുതിയ അധ്യായം തുറന്നു. പിന്നീട് 27 മദ്രാസ് റെജിമെന്റിൽ ഹവിൽദാറായി സേവനമനുഷ്ഠിച്ചു.
അഞ്ചു തവണ ഇന്റർ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അജ്മലിന് അവസരം ലഭിച്ചു.
കളിക്കളത്തിലെ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച അനുഭവങ്ങളും അജ്മലിന്റെ സൈനികജീവിതത്തെ വ്യത്യസ്തമാക്കി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈനിക സേവനത്തിനുശേഷം 2017 ൽ ജമ്മു കശ്മീരിലേക്ക് നിയമനം ലഭിച്ചു. പിന്നീട് അരുണാചൽ പ്രദേശിലെ രണ്ടാം ഗ്ലേസിയർ മേഖലയിലേക്ക്.
അരുണാചൽ പ്രദേശിൽനിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള സൈനിക ദൗത്യങ്ങളിൽ പങ്കാളിയായത്.
കായികതാരമെന്ന നിലയിലും സൈനികനെന്ന നിലയിലും വ്യത്യസ്ത അനുഭവങ്ങൾ സ്വന്തമാക്കിയ അജ്മൽ 16 വർഷത്തെ സേവനത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
അജ്മലിനോടുള്ള ആദരസൂചകമായി വയലാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ 14ന് വോളിബോൾ ടൂർണമെന്റ് നടക്കും. ടൂർണമെന്റിനോടനുബന്ധിച്ചാണ് അജ്മലിനെ ആദരിക്കുക. അഡ്വ. ഡീൻ കുര്യാക്കോസ്എംപി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എംഎൽഎ അജ്മലിനെ ആദരിക്കും. ജമീലയാണ് അജ്മലിന്റെ മാതാവ്. ഭാര്യ: ഇർഷാദിയ. മക്കൾ: ജഹാര, ജന്ന.
Tags :