തൃപ്പൂണിത്തുറ: ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ബിജെപി മത്സരിക്കാതെ ട്വന്റി 20ക്ക് മണ്ഡലം നൽകിയതും സ്ഥാനാർഥിയായി സിനിമാ നടിയെ നിർത്തുകയും ചെയ്തതിലുള്ള അമ്പരപ്പിലാണ് ഒരു വിഭാഗം അണികൾ. ഇത്തരമൊരു സീറ്റ് വച്ചുമാറ്റവും സ്ഥാനാർഥിത്വവും മണ്ഡലത്തിൽ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ വോട്ടുനിലയിൽ അഞ്ച് അക്കം കടക്കാതിരുന്ന ബിജെപി 2016ൽ തുറവൂർ വിശ്വംഭരനെ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചപ്പോഴാണ് ഇടതു-വലതു മുന്നണികളുടെ വോട്ട് നിലവാരത്തിലേക്ക് ഉയർന്നത്. 29,843 വോട്ടുനേടി മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമറിയിച്ച ബിജെപി 2021ൽ തുറുപ്പ് ചീട്ടായി ഡോ. കെ.എസ്. രാധാകൃഷ്ണനെയാണ് ഇറക്കിയത്.
ശക്തമായ മത്സരത്തിന്റെ പ്രതീതിയുയർത്തിയ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 23,756 വോട്ട് നേടാൻ കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആരവമുയരുന്നതിനു മുന്പേ തന്നെ ശക്തമായ മുന്നൊരുക്കങ്ങളുമായി ഒരു മുഴം മുന്പേ നീങ്ങിയ ബിജെപി പ്രവർത്തകർക്ക് കനത്ത ആഘാതമായി മണ്ഡലം ട്വന്റി 20ക്ക് മത്സരിക്കാനായി വിട്ടുകൊടുത്തത്.
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്ന സാഹചര്യത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്ന കണക്കുകൂട്ടലാണ് പൊടുന്നനെ മാറിമറിഞ്ഞത്. അസംതൃപ്തരായ ബിജെപി അണികൾ ഇഷ്ടക്കേട് പുറമെ കാണിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടി വരും. അതേസമയം താനൊരു സിനിമാക്കാരിയായി സ്വയം കണ്ടിട്ടില്ലെന്നും തന്നെ അങ്ങനെ കാണരുതെന്നും തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യർഥനയെന്നും സ്ഥാനാർഥി അഞ്ജലി നായർ പറഞ്ഞു.
Tags : nattu vishesham Tripunithura seat goes Twenty20