നെയ്യാർഡാം: നെയ്യാർഡാം നെട്ടുകാൽതേരി തുറന്ന ജയിലിനുസമീപം മുക്കോട്ടുമല എസ്റ്റേറ്റിൽ കഴിഞ്ഞമാസം 26ന് കാട്ടുപോത്തിനെ വെടിവച്ചുകൊന്നു മാംസം കടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.
തൊട്ടടുത്ത എസ്റ്റേറ്റിലെ കാവൽക്കാരൻ സുകുമാരൻകുട്ടി നായർ(65), കാട്ടാക്കട കാക്കമുഗൾ ചോതി നിവാസിൽ ചന്ദ്രദാസ് (65)എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രദാസിന്റെ വീട്ടിൽ കറിവച്ച കാട്ടുപോത്തിറച്ചിയും പിടിച്ചെടുത്തു.
കാട്ടുപോത്തിനെ വെടിവച്ചു കൊന്നശേഷം അതിന്റെ തോലുരിച്ചു തറയിൽ വിരിച്ച് അതിനു മുകളിലിട്ട് ഇറച്ചി കഷണങ്ങളാക്കി വാഹനത്തിൽ കയറ്റിയാണ് പ്രതികൾ കടത്തിയത്. തല, വാരിയെല്ല്, വാൽ, കുടൽ എന്നിവ സ്ഥലത്തുപേക്ഷിച്ച നിലയിലായിരുന്നു.
അറസ്റ്റിലായ സുകുമാരൻകുട്ടിയുടെ ലയത്തിൽ ഒത്തുകൂടിയശേഷം കാട്ടുപോത്തിനെ വെടിവച്ചുകൊന്നശേഷം ഇറച്ചിയുമായി കടന്നുകളയുകയായിരുന്നു. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനം വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ ലൊക്കേഷൻ, റബ്ബർ ടാപ്പിംഗ് തൊഴിലാളികളിൽ നൽകിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിറ്റിലായ പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശേഷിക്കുന്ന പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയ്ഞ്ച് ഓഫീസർ അറിയിച്ചു.
പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസർ വി. വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ആർഎഫ്ഒ അനിൽകുമാർ, എസ്എഫ്ഒ അനിൽകുമാർ, ബിഎഫ്ഒമാരായ റോയ് ജോൺസൺ, മനുചന്ദ്രൻ, എം.എൽ. ജിഷ്ണു, ജി.എസ്. റോഷ്നി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.