മുക്കം: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് തെറിച്ച് വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തോട്ടുമുക്കം ദേവസ്വം കാട്ടിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണാണ് തെക്കനാട്ട് ഷോജി, ചാലക്കൽ ജലീൽ എന്നിവർക്ക് പരിക്കേറ്റത്.
ക്വാറിയിൽ നിന്നും എഴുപത് മീറ്റർ ദൂരെ പറമ്പിൽ ജോലിയെടുത്ത് കൊണ്ടിരിക്കെയാണ് കല്ല് വീണ് ഷോജിയുടെ തലക്ക് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ജലീലിന് കാലിനാണ് പരിക്ക്. ഉഗ്ര സ്ഫോടനങ്ങൾ മൂലം വീടുകൾക്ക് വിള്ളലുകൾ വീഴ്ത്തിയും, കല്ലുകൾ തെറിച്ച് സ്വൈര്യ ജീവിതം ദുസഹമാക്കിയും ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെ ന്നാവശ്യപ്പെട്ട് നാട്ടുകാർ ഒരു മാസത്തോളമായി സമരത്തിലാണ്.
ഒട്ടേറെ വീടുകൾക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ, ലൈസൻസിന്റെ മറവിൽ നിയമ വിരുദ്ധമായി വൻതോതിൽ ഖനനം നടത്തുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ക്വാറി പ്രവർത്തനം നിർത്തിവയ്പ്പിച്ചു
മുക്കം: തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, പഞ്ചായത്തംഗങ്ങളായ അഹമ്മദ്കുട്ടി പൂളത്തൊടി, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷം പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.
Tags : nattu vishesham Two injured stone fall