കേണിച്ചിറ: പൂതാടി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ രണ്ട് അംഗങ്ങൾ എത്തിയില്ല. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വം ലഭിക്കാനുള്ള സാധ്യത വർധിച്ചു.
സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടർന്നാണ് രണ്ടുപേരും തെരഞ്ഞെടുപ്പിന് എത്താതിരുന്നതെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.വി. ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് പൂതാടിയിൽ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എ.വി. ജയന്റെ നേതൃത്വത്തിലാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരു വോട്ട് അസാധുവായി. ഒടുവിൽ ഭരണം എൽഡിഎഫിന് ലഭിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ജയനെ മാറ്റി ബാലകൃഷ്ണനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതും വിഭാഗീയതയ്ക്ക് ആക്കംകൂട്ടി. ജയനെ ഒതുക്കാനുള്ള നീക്കമാണിതെന്ന വിലയിരുത്തലും ഉണ്ടായി. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിട്ടുനിന്നവർ വിശദീകരണം നൽകിയിട്ടില്ല.
Tags : nattu vishesham LDF members withdraw Standing Committee