ഉള്ളന്നൂർ ദേവിവിലാസം എൻഎസ്എസ് ഗവ. എൽപി സ്കൂൾ കെട്ടിടം പൊളിച്ച നിലയിൽ.
പത്തനംതിട്ട: ഉള്ളന്നൂർ ദേവിവിലാസം എൻഎസ്എസ് ഗവ. എൽപി സ്കൂളിന് സ്വന്തം കെട്ടിടം ഇക്കുറിയും ഇല്ല. 125 വർഷം പഴക്കുമുള്ള സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായതിനാൽ നവീകരണം ഫിറ്റ്നസ് ലഭിച്ചിട്ടില്ല. കെട്ടിടം നവീകരിച്ചു തുടങ്ങിയതോടെ സമീപമുള്ള എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവം നടത്തിയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ നടത്തുന്നതിന് ഇക്കുറി അനുമതി ലഭിച്ചിരുന്നില്ല. ഒരു വർഷം മുൻപ് പുതിയ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപികയും പിടിഎയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും മന്ത്രിക്കും വകുപ്പ് മേധാവികൾക്കും നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ അനുമതി നൽകിയില്ല.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്ക് ആറു ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ എടുക്കാൻ ആളില്ലാതെ പദ്ധതി മുടങ്ങി. പുതിയ ഭരണസമിതി നിലവിൽ വന്നശേഷം വീണ്ടും ടെൻഡർ നൽകിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായി. ഏറെ വൈകി പണികൾ ആരംഭിച്ചെങ്കിലും മേൽക്കൂരയുടെ നിർമാണം പൂർത്തീകരിക്കാനായിട്ടില്ല.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ 55 കുട്ടികളാണ് പഠിക്കുന്നത്. ഒന്നാം ക്ലാസിൽ ഇക്കുറി ഏഴ് കുട്ടികളാണ് പുതുതായി എത്തിയത്. കാലപ്പഴക്കം മൂലം ജീർണിച്ച സ്കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറിയ നിലയിലാണ്. ഇത് ഏതു നിമിഷവും നിലംപൊത്താം.
സ്കൂൾ കെട്ടിടം പൂർണമായി പുതുക്കി നിർമിക്കണമെന്നാവശ്യം സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഉടൻ പൂർത്തിയാക്കുമെന്നും ഭിത്തികൾ വിണ്ടു കീറിയിട്ടുണ്ടെങ്കിലും താങ്ങു ഭിത്തികൾ ഉള്ളതിനാൽ ബലക്ഷയം ഉണ്ടാകില്ലെന്നുമാണ് കുളനട ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട്.
Tags : Local News Nattuvishesham Pathanamthitta