പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ടി. സിദ്ദിഖ് പ്രസംഗിക്കുന്നു.
കൽപ്പറ്റ: ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുംമൂലം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. അന്പലവയൽ കാർഷിക കോളജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ വിള ഇനങ്ങളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുള്ള കാർഷികരീതികളും പുതിയ ഇക്കോ സിസ്റ്റവും സർവകലാശാലകളുടെ നേതൃത്വത്തിൽ വികസിപ്പിക്കണം.
വരൾച്ച, അതിതീവ്ര മഴ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിഭാസങ്ങളിൽനിന്നു കർഷകരെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സർവകലാശാലകൾ നേതൃത്വം നൽകണം. അന്പലവയൽ കാഷിക കോളജിന് പുതിയ കളിസ്ഥലം ഒരുക്കാൻ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്പലവയൽ കാർഷിക കോളജിലെ അക്കാദമിക്ക് ബ്ലോക്ക്, തൃശൂർ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിലെ മോഡൽ കൊക്കോ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനവും കാർഷിക സർവകലാശാ ഗവേഷണ വിഭാഗത്തിന്റെ പുതിയ വിള ഇനങ്ങളായ ബ്രഹ്മി, മഞ്ഞൾ, ഇഞ്ചി, മുളക്, രാമച്ചം എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ സ്വന്തമായി വരുമാനം കണ്ടെത്താനുള്ള ഉത്പാദന സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ.ടി. സജിതാറാണി, രജിസ്ട്രാർ പ്രഫ. ഡോ. മരി റജീന, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി. രാജി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ, നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഗംഗാധരൻ ആത്താർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അവറാൻ, അന്പലവയൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ പി. ഷഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനബ ഉസ്മാൻ, സനൽ ജോണ്, കൃഷ്ണകുമാരി, പഞ്ചായത്തംഗം കെ. റജില എന്നിവർ പ്രസംഗിച്ചു.