കല്‍പ്പറ്റ: മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നാലാംഘട്ട പേവിഷബാധ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. 27 വരെ നീളുന്ന യജ്ഞം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.എസ്. പ്രേമന് പദ്ധതി വിശദീകരണം നടത്തി. വെറ്ററിനറി ഓഫിസര്‍ ഡോ.കെ.എസ് സുനില്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.കെ. റസാനത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
യജ്ഞത്തിന്റെ ഭാഗമായി വാര്‍ഡുകള്‍ തോറും നടത്തുന്ന ക്യാമ്പുകളില്‍ മൂന്നുമാസത്തിനു മുകളില്‍ പ്രായമുള്ളതും മറ്റ് രോഗങ്ങള്‍ ഇല്ലാത്തതുമായ നായ, പൂച്ച ഉള്‍പ്പെടെ ഓമന മൃഗങ്ങളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കും. ഒരു മാസത്തിനകം ബൂസ്റ്റര്‍ ഡോസ് നല്‍കും. അതിനുശേഷം വര്‍ഷംതോറും പ്രതിരോധ കുത്തിവയ്പ്പ് ആവര്‍ത്തിക്കും. വാക്സിനേഷന് ചാര്‍ജ് ഇനത്തില്‍ 55 രൂപയാണ് ഉടമസ്ഥര്‍ അടയ്ക്കേണ്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക വിഹിതം ഉപയോഗിച്ച് ഡോഗ് ക്യാച്ചര്‍മാരുടെ സഹായത്തോടെ തെരുവുനായകളുടെ വാക്സിനേഷന് കാമ്പയിന് നടക്കും.
പിടിക്കുന്ന നായകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാത്തവയെ ബ്ലോക്ക് തിരിച്ച് ബത്തേരി, പടിഞ്ഞാറത്തറ എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റും.