പ്രതീകാത്മക ചിത്രം
വൈക്കം: ഇതര സംസ്ഥാനക്കാരന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം മലയാളിയായ ആളുടെ ഫോൺ നമ്പറിലുള്ള ഗൂഗിൾപേ അക്കൗണ്ട് ഉപയോഗിച്ച് കൈക്കൂലി സ്വീകരിച്ചെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വൈക്കം സിഐ പി.എ. ഷെമീർഖാനെതിരെ ഡിപ്പാർട്ട്മെന്റ് തല നടപടിയുടെ ഭാഗമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിഐ ഓഫീസിൽ നടന്ന വിജിലൻസിന്റെ മിന്നൽ റെയ്ഡിൽ സിഐ പി.എ. ഷമീർഖാൻ വൈക്കത്ത് ജോലി ചെയ്യുന്ന ആസാം സ്വദേശിയുടെ പേരിൽ വൈക്കത്തെ കാനറ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്ന് വൈക്കം സ്വദേശിയുടെ ഫോൺ നമ്പർ ഗൂഗിൾപേ ഇടപാടിനായി ഉപയോഗിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
മണ്ണു മാഫിയ, ടിപ്പർ ഉടമകൾ തുടങ്ങിയവർ ഗൂഗിൾ പേ നമ്പറിൽ വിളിച്ചറിയിച്ച ശേഷം പണം നിക്ഷേപിക്കുകയായിരുന്നെന്നാണ് ആരോപണം. കഴിഞ്ഞ അഞ്ചിന് തുടങ്ങിയ ഈ അക്കൗണ്ടിലേക്ക് ഏഴാം തീയതി മുതൽ പണം എത്തിത്തുടങ്ങി. മണ്ണ് മാഫിയയും, ടിപ്പർ ലോറി ഉടമകളും മാത്രമാണ് പണം നിക്ഷേപിച്ചതെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ഒരു മാസത്തിനകം 2.50 ലക്ഷം രൂപയുടെ ഇടപാട് ഈ അക്കൗണ്ടിൽ നടന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ അക്കൗണ്ടിൽ ഒടുവിൽ പണം എത്തിയത്. പണം എത്തുന്ന അതേ ദിവസം തന്നെ സിഐ ഹെൽമറ്റും മാസ്കും ധരിച്ച് എടിഎമ്മിൽ എത്തി പണമെടുത്തിരുന്നു.
Tags :