എൻഎസ്എസ്
വൈക്കം: നവതി നിറവിലായ വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും ശക്തീകരിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കും. നവതി ആഘോഷത്തിന്റെ ഭാഗമായി ഒരു കരയോഗത്തിൽ ഒരു സംരംഭമെങ്കിലും ആരംഭിക്കണമെന്ന സന്ദേശവുമായി നാളെ സംരംഭക സൗഹൃദ യാത്ര ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് പി.ജി.എം. നായർ കാരിക്കോട് അറിയിച്ചു
ബ്രഹ്മമംഗലം 927-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര രണ്ടു മാസത്തിനുള്ളിൽ എല്ലാ കരയോഗങ്ങളിലും എത്തും. യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകുന്ന യാത്ര ഓരോ കരയോഗത്തിലുമെത്തി സംരംഭകരുമായും സംരംഭം തുടങ്ങാൻ താത്പര്യമുള്ളവരുമായും ചർച്ചകൾ നടത്തി സഹായങ്ങൾ ലഭ്യമാക്കും.
യൂണിയന്റെ നവതി ആഘോഷങ്ങൾക്കു മുന്നോടിയായി ഒരു വർഷം നീണ്ടുനിന്ന മന്നം നവോത്ഥാന സൂര്യൻ പദ്ധതി നടപ്പാക്കിയിരുന്നു. രണ്ടാം വർഷം വികസന പദ്ധതികളാണ് യൂണിയൻ ലക്ഷ്യമിടുന്നത്. യുവാക്കൾക്കായി യുവത്വം വിവേകാനന്ദം പദ്ധതി, വയോധികർക്കായി സ്നേഹസ്പർശം, നിർധന കുടുംബങ്ങൾക്കായുള്ള എന്റെ ഭൂമി എന്റെ വീട്, വിവാഹ സഹായം തുടങ്ങി എട്ടോളം മാതൃകാ പദ്ധതികളാണ് യൂണിയൻ നവതി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.
ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, കരയോഗ, യൂണിയൻ തലങ്ങളിൽ ഹ്യൂമൻ റിസോഴ്സ് സെന്ററുകൾ, ആധ്യാത്മിക വിഭാഗം തുടങ്ങിയ തലങ്ങളിലും ഡിജിറ്റലൈസേഷൻ, സോളാർ സ്ഥാപിക്കൽ പദ്ധതികളിലും യൂണിയന്റെ പ്രവർത്തനങ്ങൾ മുന്നേറ്റമുണ്ടാക്കിയതായി യൂണിയൻ നേതൃത്വം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, എൻ. മധു, വി. ജയകുമാർ, പി.എൻ. രാധാകൃഷ്ണൻ, സി.എൻ. ഓമന, പി.എസ്. വേണുഗോപാൽ, എസ്. ഹരിദാസൻ നായർ, കെ. അജിത്ത്, എസ്. മുരുകേഷ് എന്നിവരും പങ്കെടുത്തു.