ആന നശിപ്പിച്ച ജിതിന്റെ കൃഷിയിടത്തിലെ കമുക്.
ഇരിട്ടി: കാട്ടാനക്കൂട്ടത്തിന്റെ ഭീതിയിൽ ജീവനും സ്വത്തിനും ഒരു സുരക്ഷിതത്വവുമില്ലാതെ വാളത്തോട് നിവാസികൾ. ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ വാളത്തോടുകാർ വീടിനുള്ളിൽ പോലും ആന ഭീതി കാരണം ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. പത്തംഗആനക്കൂട്ടമാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നത്. ആഴചകളായി ജനവാസ മേഖലയിൽ തന്പടിച്ചിരിക്കുന്ന ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനൊപ്പം വീട്ടു മുറ്റങ്ങളിൽ വരെ എത്തുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ ആനക്കൂട്ടം നശിപ്പിച്ചത്. റബർ, തെങ്ങ്, കമുക്, വാഴ, കശുമാവ് തുടങ്ങിയ നശിപ്പിച്ചതോടെ കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കുര്യാച്ചൻ മഠത്തിപ്പുറത്ത്, ജിതിൻ കുന്നുംപുറത്ത്, മനോജ് ഉണ്ണിമാക്കൽ, ജോസ് ജീരകശേരി, സദാനന്ദൻ കടുപ്പിൽ, ബാബു പുത്തനറയിൽ, കാർത്തികേയൻ നാരങ്ങാമുറിയിൽ, വെട്ടിക്കൽ ജിബിൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടം വ്യാപകമായി നാശം വിതച്ചത്. ഏകദേശം 300 കുടുംബങ്ങളാണ് കാട്ടാന ഭീഷണിയിൽ കഴിഞ്ഞു വരുന്നത്. വർഷങ്ങളോളം അധ്വാനിച്ച് കെട്ടിപ്പടുത്ത വീടും കൃഷിയിടവും ഉപേക്ഷിച്ച് സുരക്ഷിതമായ മറ്റൊരിടത്തേക്ക് കുടിയിറങ്ങേണ്ടി വരുമോ എന്ന ആശങ്കയാണ് കർഷകരിൽ ഇപ്പോൾ ഉയരുന്നത്.
ആറളം ഫാമിൽ നിന്ന് തുരത്തുന്ന ആനകളാണ് വാളത്തോട് എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫാം മേഖലയിൽ നിന്ന് വന്യജീവി സങ്കേതത്തിലേക്ക് തുരത്തുന്ന ആനകൾ നീലായ് ഭാഗത്തുകൂടിയാണ് ഇവിടേക്ക് വരുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.
ജിതിന്റെ കുടുംബം
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കഴിഞ്ഞ ദിവസം ജിതിൻ കുന്നുംപുറത്തിന്റെ വീടിന് ചുറ്റും പത്തംഗ ആനക്കൂട്ടമാണ് എത്തിയത്. ആനക്കൂട്ടത്തെ കണ്ട് ഭാര്യ അമ്പിളി, അമ്മ ലീലാമ്മ, മക്കളായ ക്രിസ്റ്റയും ആദിലും ആഗ്നസും ഭയന്നുവിറച്ചു. മക്കളെ ചേർത്തുപിടിച്ച് അമ്പിളി സഹായത്തിനായി നിലവിളിച്ചപ്പോൾ ജിതിൻ യന്ത്രവാൾ പ്രവർത്തിപ്പിച്ചും ആദിൽ ബക്കറ്റിൽ കമ്പുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കിയുമാണ് ആനകളെ തുരത്താൻ ശ്രമിച്ചത്. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ആനകൾ പിൻമാറാഞ്ഞതോടെ ആളുകൾക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം മാത്രം മൂന്നുതവണയാണ് ആനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. വൈകുന്നേരം ആറോടെ എത്തിയ ആനകളെ വനപാലകർ ഉൾപ്പെടെ ചേർന്ന് തുരത്തി. എന്നാൽ രാത്രി 9.30ഓടെ ആനക്കൂട്ടം തിരിച്ചെത്തി. നാട്ടുകാരുടെ സഹായത്തോടെ അർധരാത്രിയോടെ ആനകളെ വീണ്ടും തുരത്തിയെങ്കിലും പുലർച്ചെ തിരിച്ചെത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. ജിനിതിന്റെ 250 വാഴകളും 25 കമുകുകളും നാലു കടപ്ലാവുകളുമാണ് ഒറ്റ ദിവസം കൊണ്ട് ആനക്കൂട്ടം നശിച്ചിപ്പിച്ചത്.
ടാപ്പിംഗ് നിലച്ചു
കാട്ടാന ഭീതി കാരണം പുലർച്ചെയുള്ള റബർ ടാപ്പിംഗ് വരെ പലരും നിർത്തി വച്ചിരിക്കുകയാണ്. ടാപ്പിംഗിനായി പുലർച്ചെ പുറത്തിറങ്ങിയാൽ ഏതു സമയവും കാട്ടാനയ്ക്കു മുന്നിൽ പെടാമെന്ന ഭീതിൽ ടാപ്പിംഗ് തൊഴിലാളികളും കർഷകരും നിർബന്ധിതരായി തങ്ങളുടെ വരുമാനമാർഗം ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. മേഖലയിലെ വഴിവിളക്കുകൾ കത്താത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Tags :