കൊല്ലം: സംസ്ഥാനത്ത് മഴ കനത്തതോടെ തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പച്ചക്കറി വില കുതിക്കുന്നു. കഴിഞ്ഞയാഴ്ച 90 മുതല്‍ 100 രൂപയ്ക്ക് വിറ്റ ബീന്‍സിന് ഇന്നലെ 140 രൂപയാണ് ചില്ലറ വില. 70 മുതല്‍ 80 രൂപയ്ക്കു വരെ വിറ്റ മുരിങ്ങയുടെ വില ഇന്നലെ 120 രൂപയായി ഉയര്‍ന്നു. മിക്ക പച്ചക്കറിക്കും അഞ്ചു മുതല്‍ 10 രൂപവരെ വില ഉയര്‍ന്നു.പടവലങ്ങ മാത്രം 50 രൂപയില്‍ നിന്ന് 35 രൂപയായി കുറഞ്ഞു.
വെളുത്തുള്ളി, ഇഞ്ചി, ബീന്‍സ് എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. കേരള അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടില്‍ മറ്റ് പച്ചക്കറി കൃഷി മേഖലകളില്‍ കടുത്ത വേനലാണ്. ഇതോടെ പച്ചക്കറി ഉത്പാദനം കുറഞ്ഞു.
കോയമ്പത്തൂര്‍, മേട്ടുപ്പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറി വണ്ടികളുടെ എണ്ണം കുറഞ്ഞു. വെളുത്തുള്ളി വിപണിയില്‍, വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ചാണ് വില്പന നടക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള വെളുത്തുള്ളിക്ക് ചില്ലറ വിപണിയില്‍ കിലോയ്ക്ക് 280-300 രൂപയാണ്.
സാധാരണക്കാരന് ഇരുട്ടടി
ട്രോളിംഗ് നിരോധനം വന്നതോടെ മീന്‍ വില ഉയര്‍ന്നു. അതോടെ കൂടുതല്‍ പേര് പച്ചക്കറിയിലേക്ക് തിരിയുകയും ചെയ്തു. ഈസമയത്താണ് പച്ചക്കറി വിലയും ഉയര്‍ന്നത്. പാചകവാതക വില കുതിച്ചുയരുന്നത് സാധാരണക്കാരന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് പച്ചക്കറി, മീന്‍വില ഒപ്പം വര്‍ധിക്കുന്നത്. വിലവര്‍ധന വീട്ടമ്മമാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുകയാണ്.
പച്ചക്കറി അഴുകുന്നു
മഴക്കാലമായതോടെ പച്ചക്കറി അഴുകുന്നതിനാല്‍ കുറച്ചു സ്റ്റോക്ക് മാത്രമേ എടുക്കുന്നുള്ളുവെന്ന് മൊത്ത വ്യാപാരി പറഞ്ഞു. പച്ചമുളക് ഉള്‍പ്പെടെ പല ഇനങ്ങളും കൂടുതല്‍ ദിവസം ഇരിക്കുന്നില്ല.
രണ്ടുനാളില്‍ കൂടുതല്‍ ഇരുന്നാല്‍ അഴുകി വലിയ നഷ്ടം ഉണ്ടാക്കുന്നു. പച്ചക്കറികള്‍ അഴുകുന്നതിനാല്‍ വില കൂടുന്നതില്‍ ഒരു ഘടകമായി മാറിയെന്ന് ചെറുകിട വ്യാപാരി പറഞ്ഞു.
പച്ചക്കറി ഇനം ചില്ലറ വില (ബ്രാക്കറ്റില്‍ കഴിഞ്ഞ ആഴ്ചയിലെ വില)
ബീന്‍സ് 140 (100), മുരിങ്ങ 120 (70), വെള്ളരിക്ക 24 (20), അമരക്ക 45 ( 36), വെണ്ടക്ക 45 (36), അച്ചിങ്ങ 90 (90), തക്കാളി 56 (56), മുളക് 46 ( 46), കാബേജ് 60 (30), പടവലം 35 (50), കത്തിരി 60 (50).
Tags : Local News Nattuvishesham Kollam