ദേശീയപാത നീലിപ്പാറയിലുണ്ടായ വാഹനാപകടം
വടക്കഞ്ചേരി: ദേശീയപാതയിൽ വാണിയംപാറക്കടുത്ത് നീലിപ്പാറയിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് രണ്ടുവിദ്യാർഥിനികളടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
പന്തലാംപാടം മേരിമാതാ എച്ച്എസ്എസിലെ വിദ്യാർഥിനികളായ ശ്രേയ (16), നന്ദന (16), പിക്കപ്പ് ഡ്രൈവർ പാലക്കാട് മാട്ടുമന്ത സ്വദേശി പ്രസാദ് (38) എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രസാദിനെ വടക്കഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. സ്കൂൾവിട്ട് വിദ്യാർഥിനികൾ റോഡരികിലൂടെ വാണിയംപാറ ഭാഗത്തെ വീടുകളിലേക്കു പോവുകയായിരുന്നു. ഈ സമയം തൃശൂർ ഭാഗത്തുനിന്ന് ഓടുകയറ്റി പാലക്കാട് ലൈനിലൂടെ വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
പിക്കപ്പിനെ മറികടക്കവേ കണ്ടെയ്നർ പിക്കപ്പിന്റെ പിന്നിലിടിച്ചു. നിയന്ത്രണംവിട്ട പിക്കപ്പ് കുട്ടികളെ ഇടിച്ച് ദേശീയപാതക്കുകുറുകേ മറിയുകയായിരുന്നു. ഈ ഭാഗത്ത് റോഡിനു ഒരുവശത്ത് ട്രാക്കിൽ കോൺക്രീറ്റ് സ്ലാബുകൾ അടുക്കിവച്ചും മറുഭാഗത്ത് റോഡുപണികളും നടക്കുന്നതിനാൽ ജെസിബിയും മറ്റും റോഡരികിലുണ്ടായിരുന്നു. ഇതിനാൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് പണികൾ നടത്തുന്നത്. ഇതും അപകടത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.
യാത്രക്കാർക്ക് മതിയായ സുരക്ഷാ ഒരുക്കാതെയുള്ള പാത നിർമാണത്തിനെതിരേ നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു. ഒരു വർഷം മുമ്പാണ് ഇതേ സ്ഥലത്ത് റോഡരികിലൂടെ നടന്നുപോയ രണ്ടുവിദ്യാർഥികൾ കാറിടിച്ച് മരിച്ച സംഭവമുണ്ടായത്.