തിരുവില്വാമല: മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി ഇന്നാഘോഷിക്കും. മേടമാസത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ ഇന്ന് പുലരുന്നതോടെ തിരുവില്വാമലയിലേക്ക് ഉൽസവപ്രേമികളുടെ ഒഴുക്കാരംഭിക്കും.
ഉത്സവലഹരിയിലായ വില്വാദ്രിനാഥന്റെ തട്ടകം താലപ്പൊലിക്കായി ഒരുങ്ങി. ഇന്നലെ വൈകിട്ട് നടന്ന പൂതൻകളിയും മൂന്നു ദേശക്കാരുടെ ചമയപ്രദർശനവും റോഡ് ഷോയും കാണാൻ ആയിരങ്ങളെത്തി. ഉച്ചകഴിഞ്ഞപ്പോൾത്തന്നെ ടൗണിൽ ജനത്തിരക്കായി. സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻജനാവലി നേരത്തേതന്നെ കെട്ടിടങ്ങൾക്കുമുകളിൽ സ്ഥാനംപിടിച്ചിരുന്നു .
ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന ബഹുനിലപ്പന്തലുകളും ആനകൾക്ക് അണിയിക്കാനുള്ള ചമയങ്ങളും കാണാൻ വൻ തിരക്കായിരുന്നു.വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നാടൻ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും താലപ്പൊലി തലേനാളിലെ ആഘോഷപരിപാടികൾക്ക് കൊഴുപ്പേകി.
വെടിക്കെട്ടിന് അനുമതി
തിരുവില്വാമല: നിയന്ത്രണങ്ങൾക്കു വിധേയമായി തിരുവില്വാമല താലപ്പൊലി വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ഇന്നു രാത്രി ഒന്പതിന് ചമ്പക്കുളം പാടത്തും നാളെ രാവിലെ 6.30ന് പറക്കോട്ടുകാവു പറമ്പിലും ഉത്സവത്തിലെ പങ്കാളികളായ മൂന്നുദേശങ്ങളും സംയുക്തമായി വെടിക്കെട്ടു നടത്തും.
Tags : nattu vishesham Viladrinathan's roof collapsed