കൊല്ലം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൂര്‍ണമായും തുടച്ചുനീക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പൊതുജനങ്ങളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും വസ്ത്രങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ കുട്ടിക്കുപ്പായം പദ്ധതി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളെയും സമ്പൂര്‍ണ ശിശുസൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യം. മനുഷ്യത്വപരമായ സമീപനമായിരിക്കണം സര്‍ക്കാര്‍ വകുപ്പുകളുടെ മുഖമുദ്ര. കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുംമികച്ച സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കാന്‍ എല്ലാവര്ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കുപ്പായം പദ്ധതിയിലൂടെ വസ്ത്രങ്ങള്‍ സംഭാവനയായി സ്വീകരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് എത്തിക്കും. വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ വനിത-ശിശുവികസന ഓഫീസിന് മുന്നില്‍ പെട്ടിയുണ്ട്. പ്രധാന ആശുപത്രികളിലും ചില്‍ഡ്രന്‍സ് ഹോമുകളിലും പെട്ടികള്‍ സ്ഥാപിക്കും. ബോധവല്ക്കരണപോസ്റ്ററുകളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള വള്‍നറബിള്‍ മാപ്പിംഗ് ഫോമുകളുടെ വിതരണോദ്ഘാടനം അധ്യക്ഷയായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ് നിര്‍വ്വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എല്‍. രഞ്ജിനി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി. പ്രസന്നകുമാരി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സനില്‍ വെള്ളിമണ്‍, മീനകുമാരി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ആശാ ദാസ്, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ എസ്. ദീപക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam