പ്രതീകാത്മക ചിത്രം
ഇടുക്കി: ഉടുമ്പന്ചോല തൂവല് വെള്ളച്ചാട്ടത്തില് സന്ദര്ശകര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി ജില്ലാ കളക്ടര്. ഇവിടെ സഞ്ചാരികള് അപകടത്തില്പെട്ട് മുങ്ങിമരിക്കുന്ന സംഭവങ്ങള് ആവര്ത്തിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്പ്പെടുത്തുന്നതെന്ന് കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
വെള്ളച്ചാട്ടത്തില് സുരക്ഷാ സംവിധാനങ്ങള് പര്യാപ്തമല്ലാത്തതിനാല് ജനങ്ങളുടെ പ്രവേശനം പൂര്ണമായും നിരോധിക്കണമെന്ന ഉടുമ്പന്ചോല തഹസില്ദാരുടെ റിപ്പോര്ട്ട് കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ കളക്ടര് ഇവിടെ പ്രവേശനത്തിന് വിലക്കേര്പ്പെടുത്തിയത്.
വെള്ളച്ചാട്ടത്തിലെ ജലത്തിന്റെ ആഴം, ഒഴുക്കിന്റെ ശക്തി, പാറക്കെട്ടുകളുടെ സ്വഭാവം, വെള്ളത്തിനടിയിലെ അപകടസാധ്യതകള് തുടങ്ങിയവ സന്ദര്ശകര്ക്ക് തിരിച്ചറിയാന് കഴിയുന്നില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്, അപകടമുന്നറിയിപ്പ് ബോര്ഡുകള്, പ്രവേശനനിയന്ത്രണ സംവിധാനങ്ങള്, അപകടസാധ്യതയുള്ള ഭാഗങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതിനുള്ള സംവിധാനങ്ങള് എന്നിവയും നിലവിലില്ല. ഈ സാഹചര്യത്തില് അപകടസാധ്യത സംബന്ധിച്ച് അറിവില്ലാത്ത വിനോദസഞ്ചാരികളും പൊതുജനങ്ങളും ഇവിടെ പ്രവേശിക്കുന്നത് കൂടുതല് ജീവഹാനിക്ക് ഇടയാക്കുമെന്നായിരുന്നു തഹസില്ദാരുടെ റിപ്പോര്ട്ട്.
ഇതിന്റെ അടിസ്ഥാനത്തില് തൂവല് വെള്ളച്ചാട്ടത്തിലേക്കും അപകടസാധ്യതയുള്ള പരിസരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും കുളിക്കുന്നതും ഉള്പ്പെടെയുള്ള വിനോദപ്രവര്ത്തനങ്ങള്ക്കാണ് കളക്ടര് നിരോധനം ഏര്പ്പെടുത്തിയത്. കഴിഞ്ഞയാഴ്ച അപകടത്തില്പ്പെട്ട അശ്വിന് ഉള്പ്പടെ ഇതുവരെ 13ല് അധികം പേര് തൂവല് വെള്ളച്ചാട്ടത്തില് മുങ്ങിമരിച്ചിട്ടുണ്ട്.