മാശി കനാലിൽ തള്ളിയ മാലിന്യങ്ങൾ പഞ്ചായത്ത്, പൊലിസ് അധികൃതർ പരിശോധിക്കുന്നു.
മറയൂർ: ടൗണിലെ മാശി കനാലിൽ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിയ നിലയിൽ വൻതോതിൽ മാലിന്യം തള്ളിയ സംഭവത്തിൽ പഞ്ചായത്തും പൊലിസും അന്വേഷണം ഊർജിതമാക്കി. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് കനാലിലെ വെള്ളത്തിൽ തള്ളിയിരിക്കുന്നത്. സംഭവമറിഞ്ഞ് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ്, മറയൂർ എസ്ഐ അബ്ദുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗികസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കനാലിലുണ്ടായിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു.
ടൗണിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും എസ്ഐ അബ്ദുൾ അസീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.