ഇരുവഴിഞ്ഞിപ്പുഴയിലെ ഇപ്പോഴത്തെ നീരൊഴുക്ക്.
കോടഞ്ചേരി: ഈ വർഷത്തെ മഴ കുറവ് കാരണം മലയോര മേഖലയിലെ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ ചെറുകിട ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ.
ഇരുവഴിഞ്ഞിപ്പുഴയിലെ മൂന്ന് സ്വകാര്യ പദ്ധതികളിലും കെഎസ്ഇബിയുടെ ചാലിപ്പുഴയിലെ ചെമ്പുകടവ് ഒന്നും രണ്ടും ഘട്ട പദ്ധതികളിലുമാണ് ഉത്പാദനം നിലയ്ക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതിനാൽ സപ്റ്റംബർ മുതൽ ഒരോ ജനറേറ്റർ മാത്രമാണ് ഇവിടെ പ്രവർത്തിപ്പിക്കുന്നത്.
ഈ സീസണിൽ വൈദ്യുതി ഉല്പാദനത്തിൽ 25 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിനാർ ജലവൈദ്യുത പദ്ധതിയില് കഴിഞ്ഞ വർഷം സപ്റ്റംബർ വരെ 20 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ 15 ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭിച്ചത്.
മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ പൂർണമായി നിശ്ചലമാണ്. ഒരു മെഗാവാട്ടിന്റെ ഒരു ജനറേറ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ ചെമ്പുകടവ് പദ്ധതി ഒന്നാം ഘട്ടത്തിൽ 2025-ൽ 1.10 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോൾ ഈ വർഷം അത് 74 ലക്ഷം യൂണിറ്റായി കുറഞ്ഞു.രണ്ട് ഘട്ടങ്ങളിലും ഉല്പാദനം വലിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്.
ഇരുവഴിഞ്ഞിപ്പുഴയിലെ സിയാലിന്റെ ചെറുകിട പദ്ധതിയിൽ 2.25 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിൽ ഒന്ന് മാത്രമാണ് നീരൊഴുക്ക് കുറഞ്ഞതിനാൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. ആനക്കാംപൊയിൽ പവർ പ്രൊജക്റ്റ് കഴിഞ്ഞ വർഷം 24.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ച സ്ഥാനത്ത് ഈ സീസണിൽ ഇതുവരെ 18.7 ദശലക്ഷം യൂണിറ്റാണ് ലഭിച്ചത്. 3.85 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ നിർത്തിവെച്ചിരിക്കുകയാണ്.1.2 മെഗാവാട്ട് ശേഷിയുള്ള ഒരെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
നീരൊഴുക്ക് പൂർണമായി നിലച്ചതോടെ കോടികളുടെ നഷ്ടമാണ് കെഎസ്ഇബിക്കും സ്വകാര്യ കമ്പനികൾക്കും ഉണ്ടായിരിക്കുന്നത്. ഇന്നുമുതൽ ആരംഭിക്കുന്ന തുലാവർഷം കനിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അധികൃതരും ജീവനക്കാരും.