പ്രതീകാത്മക ചിത്രം
കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി (ഇഎസ് എ) ബന്ധപ്പെട്ട് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ, കേരളം സമർപ്പിച്ച നിർദേശങ്ങൾ അവഗണിച്ചതിനെതിരേ ഇടുക്കി ജില്ലയിൽ ജനകീയ പ്രതിരോധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം അടിയന്തര സ്പെഷ്യൽ പൊതു ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എം. വർഗീസും സെക്രട്ടറി ശാന്തി ഹരിദാസും അറിയിച്ചു.
കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ പുതിയ വിജ്ഞാപനത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് ഹൈറേഞ്ചിലെ ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ ദിവസം ഒരേ സമയത്ത് മുഴുവൻ പഞ്ചായത്തുകളിലു സ്പെഷ്യൽ പൊതു ഗ്രാമസഭകൾ നടത്തുന്നത്. വില്ലേജിന്റെ പേര് വന്നതുകൊണ്ടു മാത്രം വില്ലേജിന്റെ മുഴുവൻ ഭൂവിസ്തൃതിയും ഇഎസ്എയിൽ വരുമെന്ന തരത്തിലുള്ള ആശയക്കുഴപ്പം കേന്ദ്രസർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
2013 നവംബർ 13ലെ കേന്ദ്ര വിജ്ഞാപനത്തിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം ഇടുക്കി ജില്ലയിൽ ഉണ്ടായ പ്രായോഗിക പ്രതിസന്ധികൾ അസോസിയേഷൻ ചൂണ്ടിക്കാട്ടി. അന്ന് ഏർപ്പെടുത്തിയ തടസങ്ങൾ കാരണം ഇടുക്കി സർക്കാർ മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വരികയും മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാതെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് 2018 മേയിൽ കേരള സർക്കാർ കേന്ദ്രത്തിന് അയച്ച കത്തുകളുടെ അടിസ്ഥാനത്തിൽ, 2018 ഡിസംബർ മൂന്നിന് കേന്ദ്ര സർക്കാർ നിർദേശങ്ങളിൽ ഭേദഗതി വരുത്തുകയും നിയന്ത്രണങ്ങൾ കരട് ഇഎസ്എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാർ തുടർച്ചയായ ചർച്ചകളിലൂടെയും ശാസ്ത്രീയ പഠനങ്ങളിലൂടെയുമാണ് ഇഎസ്എ അതിരുകൾ നിശ്ചയിച്ചത്. 2024 നവബർ രണ്ടിന് സമർപ്പിച്ച ഏറ്റവും പുതിയ നിർദേശപ്രകാരം 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ ശുദ്ധമായ വനമേഖല മാത്രം ഇഎസ്എയിൽ ഉൾപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. വനമേഖലയില്ലാത്തതിനാൽ ഇടുക്കിയിലെ ഏലമല പ്രദേശത്തെ (സി എച്ച് ആർ ) 23 വില്ലേജുകളെ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്രം പ്രസിദ്ധീകരിച്ച നിലവിലെ ഇഎസ്എ കരടു വിജ്ഞാപനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.