വെള്ളമുണ്ട: കൃഷിഭവൻ പരിധിയിലെ പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് പാടശേഖരങ്ങളിൽ നെൽകൃഷി കതിരിടാതെ വ്യാപകമായി നശിക്കുന്നത് കൃഷി വകുപ്പ് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് രൂപ ചെലവിട്ട് നഞ്ച കൃഷിക്ക് ഇറങ്ങിയ നിരവധി കർഷകർക്കാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്. ഇഞ്ചി കൃഷിക്ക് നേരിട്ട രീതിയിലുള്ള ഓലകരിച്ചിലാണ് അധികം പാടശേഖരങ്ങളിലും വ്യാപിച്ചത്. ഒരുമിച്ച് വിളവിറക്കിയ പല പാടശേഖരങ്ങളിലും പല രീതിയിലാണ് നെൽച്ചെടികളുടെ അവസ്ഥ. ഒരു വയലിൽത്തന്നെ വിളഞ്ഞതും കതിർ പുറത്ത് കടന്നതും കതിരിടാത്തതും കൊതുന്പ് പരിവത്തിലുള്ളതുമായ നെൽച്ചെടികളാണ് കാണുന്നത്. അവതന്നെ മഞ്ഞളിപ്പ് ബാധിച്ചും കതിർ കരിഞ്ഞുണങ്ങിയ രീതിയിലും കാണപ്പെടുന്നുണ്ട്.
ഉമ, കുള്ളൻ തൊണ്ടി തുടങ്ങിയ ഇനം നെല്ലാണ് അധികം പാടശേഖരങ്ങളിലും കൃഷിയിറക്കിയത്. ത്രിതല പഞ്ചായത്തുകൾ നെൽകർഷക്കായി അനുവദിച്ചിട്ടുള്ള സബ്സിഡി തുക കൊയ്ത്ത് കാലമായിട്ടും കർഷകരിൽ എത്തിയിട്ടില്ല. വർഷങ്ങളായി നെൽകൃഷിക്കാരെ നിർബന്ധ പൂർവം ഇൻഷ്വറൻസ് പദ്ധതിയിൽ പെടുത്തുന്നുണ്ടെങ്കിലും കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
കൃഷിഭവൻ ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിക്കുന്നതിലും പരിശോധന നടത്തുന്നതിലും വിമുഖത കാണിക്കുകയാണ്.ജില്ലാതല കൃഷി ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും സംഘം ഉടൻ പാടശേഖരങ്ങൾ സന്ദർശിച്ച് കർഷകരുടെ ആശങ്ക അകറ്റണമെന്നും പ്രദേശത്തെ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും ആവശ്യമായ നഷ്ടപരിഹാരം നൽകുവാൻ നടപടികൾ സ്വീകരിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു