പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഴകൾ കുത്തിമറിച്ചിട്ട നിലയിൽ.
കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നു; കർഷകർ പരിഭ്രാന്തിയിൽ. കുലക്കാറായ വാഴകൾ, തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, പച്ചക്കറി - കിഴങ്ങുവർഗങ്ങൾ എന്നിവ വ്യാപകമായി തീര മേഖലയിൽ നശിപ്പിക്കപ്പെടുകയാണ്. രാമചന്ദ്രൻ ചിറ്റേഴത്ത്, വടക്കേത്തലക്കൽ കുഞ്ഞു മുഹമ്മദ് എന്നിവരുടെ കൃഷിയിടത്തിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞദിവസം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന കാരയിൽ ഷൺമുഖദാസ് കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നും അത്ഭുതകരമായാണു രക്ഷപ്പെട്ടത്.
വാഹനത്തിനു കേടുപറ്റുകയും ചെയ്തു. ദേശീയപാത നിർമാണത്തെ തുടർന്ന് പലഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും യാത്രക്കാർക്കു പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊ ല്ലുന്നതിന് നിയമപരമായ സാധ്യതയുണ്ടെങ്കിലും അതിനുകഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർമാരുടെ തോക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിൽ ഇതിനോടകം സറണ്ടർ ചെയ്തിട്ടുള്ളതാണു തടസമായി വന്നിട്ടുള്ളത്. ഈ പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതും ഒരു ഷൂട്ടറുടെ വെപ്പൺ റിലീസ് ചെയ്തു നൽകി ജനങ്ങളുടെ ജീവനും കൃഷിയിടവും സംരക്ഷി ക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
Tags : Wild boar attacks nattuvishesham local news