പൂവത്തൂർ ഹരിമന്ദിരത്തിൽ ഹരിരാജന്റെ വീട്ടുവളപ്പിലെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചനിലയിൽ.
നെടുമങ്ങാട്: പൂവത്തൂരിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു.
വീടുകളിൽ ചെറിയ തോതിൽ കൃഷി ചെയ്യുന്നവർ മുതൽ ലക്ഷങ്ങൾ മുടക്കി വലിയ തോതിൽ കൃഷി ചെയ്യുന്ന കർഷകർവരെ കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. പ്രദേശത്ത് രാത്രികാലങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി പൂവത്തൂർ ഹരിമന്ദിരത്തിൽ ഹരിരാജന്റെ വീട്ടുവളപ്പിൽ കൃഷിചെയ്തിരുന്ന ചേന, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാം കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി കുത്തിമറിച്ചു പൂർണമായി നശിപ്പിച്ചു. സന്ധ്യാസമയങ്ങളിലും രാത്രികാലങ്ങളിലും റോഡുകളിലേക്കും ജനവാസമേഖലകളിലേക്കും കാട്ടുപന്നികൾ കൂട്ടത്തോടെയിറങ്ങുന്നതും പതിവായിരിക്കുകയാണ്.
അധികൃതർക്ക് നിരന്തരം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നഗരസഭാ പരിധികളിൽ കൃഷിനാശമോ ജീവനു ഭീഷണിയോ ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നഗരസഭാധ്യക്ഷന്മാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി വഴി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുണ്ടെങ്കിലും, താഴെത്തട്ടിൽ ഫലപ്രദമായ നടപടികൾ വൈകുന്നുവെന്നാണ് ആക്ഷേപം.