കോട്ടയം: ജില്ലയിലെ മലയോര മേഖലയില്‍ കാട്ടുപന്നിശല്യം വലിയ തോതില്‍ വര്‍ധിച്ചു. രാത്രിയില്‍ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ച് കര്‍ഷകരുടെ സ്വപ്നം തകര്‍ത്താണ് മടങ്ങുന്നത്. പന്നികളെ വെടിവച്ചു കൊല്ലാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും ഷൂട്ടര്‍മാരുടെ അഭാവം പ്രതിസന്ധി രൂക്ഷമാക്കുകയാണ്. തെങ്ങ്, കമുക്, വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ കാട്ടുപന്നികള്‍ നശിപ്പിച്ചത്.
പകല്‍സമയങ്ങളില്‍ കുറ്റിക്കാടുകളിലും കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലും കഴിച്ചുകൂട്ടുന്ന കാട്ടുപന്നികള്‍ രാത്രികാലങ്ങളിലാണ് ജനവാസ മേഖലകളിലും കൃഷിസ്ഥലങ്ങളില്‍ വിഹരിക്കുന്നത്. അര്‍ധരാത്രിമുതല്‍ പുലര്‍ച്ചെവരെ റോഡുകളിലിറങ്ങുന്ന ഇവ കാല്‍നട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും ആക്രമിക്കുന്നതു പതിവാണ്.
പ്രളയത്തിനുശേഷം കാട്ടുപന്നികളുടെ ശല്യം കൂടുതല്‍ വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. പല പഞ്ചായത്തുകളിലും ആവശ്യത്തിനു ഷൂട്ടര്‍മാരില്ല. ഇതിനു പുറമെ ജില്ലാതലത്തില്‍ നിന്നും പുതുതായി തോക്കുകള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നുമില്ല. നുറൂകണക്കിനു തോക്ക് ലൈസന്‍സ് അപേക്ഷകളാണ് തീരുമാനമാകാതെ ജില്ലയില്‍ കെട്ടിക്കിടക്കുന്നത്.
കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കാടുപിടിച്ചു കിടക്കുന്ന ഭൂമി വൃത്തിയാക്കി സോളാര്‍ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കര്‍ഷകരുടെ സുരക്ഷയും കാര്‍ഷിക മേഖലയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രവര്‍ത്തനപരിധി വര്‍ധിപ്പിച്ചു
കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ച് സര്‍ക്കാര്‍ ദിവസങ്ങള്‍ക്കു മുമ്പു ഉത്തരവിറക്കിയിരുന്നു. 2022ലെ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഷൂട്ടര്‍മാരുടെ പട്ടിക തയാറാക്കുന്നത്.
ഭരണപരിധിയിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവരുടെ സേവനം ഇതുവരെ പ്രയോജനപ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവോടെ, ഷൂട്ടര്‍മാരുടെ സേവന പരിധി വിപുലമാകും. ഷൂട്ടര്‍മാരുടെ സേവനം സംസ്ഥാനത്തുടനീളം ആവശ്യാനുസരണം പ്രയോജനപ്പെടുത്താമെന്നാണ് പുതിയ ഉത്തരവ്.
ഓണറേറിയത്തിനു കാലതാമസം
ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്ന ഷൂട്ടര്‍ക്കുള്ള ഓണറേറിയം 1500 രൂപയാണ്. പല പഞ്ചായത്തുകളിലും ഇവര്‍ക്കു കൃത്യമായി പ്രതിഫലം ലഭിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് കൈയൊഴിയും.
ചത്ത കാട്ടുപന്നിയെ സംസ്കരിക്കുന്നതിന് 2000 രൂപയാണ് നല്‍കുന്നത്. വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഇതിനാണു 2000 രൂപ നല്‍കുന്നത്.
പലരും സ്വന്തം വാഹനത്തിലോ ടാക്സികളെ ആശ്രയിച്ചോ ആണ് വേട്ടയ്ക്ക് എത്തുന്നത്. ഡബിള്‍ ബാരല്‍ തോക്കില്‍ പന്നിയെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ബുള്ളറ്റിനു വില കൂടുതലാണ് ആര്മറികളില്നിന്നു വാങ്ങുന്ന ബുള്ളറ്റുകള്‍ ഉപയോഗിച്ചു ജീവന് പണയപ്പെടുത്തി പന്നിയെ വെടിവച്ചു കൊന്നാല്‍ വണ്ടിക്കൂലി പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്.
ചത്ത പന്നികളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടര്‍മാര്‍ക്കുള്ള ഓണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. ഇത് പഞ്ചായത്തുകള്‍ക്ക് അധിക ബാധ്യതയാണ്.
"വെടിവച്ചു കൊല്ലുന്ന പന്നികളെ
പഞ്ചായത്ത് ലേലം ചെയ്യണം'
കാട്ടുപന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വെടിവച്ചു കൊല്ലുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയോ വാര്‍ഡു മെംബറുടെയോ സാന്നിധ്യത്തില്‍ ലേലം ചെയ്യണം. ഇത്തരത്തില്‍ ലഭിക്കുന്ന തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വരുമാനമാകും. ദിവസങ്ങള്‍ ഉറക്കം ഒഴിഞ്ഞു വടിവയ്ക്കുന്നവര്ക്കും സഹായിയായി ഇറങ്ങുന്നവര്‍ക്കും വെടിവയ്ക്കുന്നവര്ക്കും ഇറച്ചി ലഭ്യമാക്കുന്നതു നാട്ടുകാര്‍ക്കു പ്രോത്സാഹനമായിരിക്കും. അതിനുവേണ്ടി നിലവിലെ നിയമത്തില്‍ വേണ്ട ഭേദഗതികള്‍ ഉണ്ടാകണം.
ടോമിച്ചന് സ്കറിയ ഐക്കര
കര്‍ഷകവേദി, തിടനാട്
Tags : Nattuvishesham Districtnews Wild boars