കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡ് ഓട്ടപ്പാലത്ത് കർഷകൻ മലേപറമ്പിൽ ജോസിന്റെ വാഴകൃഷി കാട്ടാനകൾ നശിപ്പിച്ച നിലയിൽ.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ അഞ്ചാം വാർഡ് ഓട്ടപ്പാലം മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കർഷകൻ മലേപറമ്പിൽ ജോസിന്റെ എൺപതോളം വാഴകളും കർഷകൻ പൂവത്തിങ്കൽ ജോസഫിന്റെ കൃഷിയും കാട്ടാനകൾ തകർത്തു. ഒരു ഇടവേളക്കുശേഷമാണ് വീണ്ടും ഓട്ടപ്പാലം മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത്. ഡാം റിസർവോയർ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നത്. രണ്ടുമാസം മുമ്പ് വ്യാപകമായി കാട്ടാന ഈ മേഖലയിൽ ഭീതി വിതച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ കരയിലും റിസർവോയറിലും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് പട്രോളിംഗ് നിർത്തിയതോടെ വീണ്ടും കാട്ടാനകൾ കൃഷിയിടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ വിഷയത്തിൽ രണ്ടുമാസം മുമ്പ് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്ന തീരുമാനവും നടപ്പിലായിട്ടില്ല. ഇതിനെതിരേ ആക്ഷേപം ഉയരുന്നുണ്ട്.
മേഖലയിൽ കാട്ടാനകളുടെ കടന്നാക്രമണത്തെ തടയാൻ 20 കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനവും കടലാസിൽ ഒതുങ്ങിയ നിലയിലാണ്. കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ ഓട്ടപ്പാലം നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Wild elephant