പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനമായി ഓണക്കോടികളുടെ വിതരണം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കുന്നു.
402 പേർക്ക് സമ്മാനം
സുൽത്താൻ ബത്തേരി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനമായി ഓണക്കോടികൾ വിതരണം ചെയ്തു. ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 402 പേർക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നൽകിയത്. ബത്തേരി അധ്യാപകഭവനിൽ നടന്ന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഓണക്കോടി വിതരണോദ്ഘാടനം നിർവഹിച്ചു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരും ഹരിതകർമ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേർന്ന് ഓണക്കോടികൾ ഏറ്റുവാങ്ങി.
തുടർച്ചയായ രണ്ടാം വർഷമാണ് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിലെ വിവിധ വിഭാഗങ്ങൾക്ക് ഓണക്കോടി സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വർഷം അങ്കണവാടി ജീവനക്കാർക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ചടങ്ങിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. ബാലകൃഷ്ണൻ, എൻ.സി. കൃഷ്ണകുമാർ, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരൻ ആത്താർ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് എം.ജി. ഇന്ദ്രജിത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബെന്നി കൈനിക്കൽ, ഷീജ രാജു, രാജേഷ് നന്പിച്ചാൻകുടി, നേതാക്കളായ കെ.എൽ. പൗലോസ്, അബ്ദുള്ള മാടക്കര, കെ.ഇ. വിനയൻ, കെ.ടി. ജോർജ്, ബൈജു ഐസക്, കെ.ടി. കുര്യാക്കോസ്, മനോജ് ചന്ദനക്കാവ്, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, നഗരസഭ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.