അഡ്വ. ജോണി കെ. ജോർജ്, സോമരാജൻ കരിങ്കുറ്റിക്കൽ,
ജില്ലയിലെ ഏഴ് വില്ലേജുകളും പൂർണമായി ഒഴിവാകില്ല
ജനവാസ മേഖലകൾ ഒഴിവാക്കാൻ ശിപാർശ
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ (ഇഎസ്എ) ജനവാസ മേഖലകൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നൽകിയ ശിപാർശ നിലവിലെ ആശങ്കകൾക്കു പര്യാപ്തമാകില്ല. വനപ്രദേശം ഉൾപ്പെടുന്ന വില്ലേജുകൾ പൂർണമായി ഇഎസ്എ പരിധിയിലാകുമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനം നൽകുന്ന സൂചന.
കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള ശിപാർശയിൽ ഏഴ് വില്ലേജുകളിലെയും ജനവാസ മേഖലകളിൽ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇതേ വില്ലേജുകളിലെ വനമേഖലയും സമീപത്തെ ചില സ്ഥലങ്ങളും ഇഎസ്എയിൽ തന്നെ തുടരുകയാണ്. പ്രധാന ജനവാസ മേഖലകൾ ഒഴിവാക്കാനാണ് ശിപാർശയെങ്കിലും വനത്തിനുള്ളിലെ ഏതാനും ചെറുഗ്രാമങ്ങൾ ഇപ്പോഴും പരിസ്ഥിതി മേഖലയിൽ തന്നെയാണ്.
സംസ്ഥാനം നൽകിയിട്ടുള്ള ശിപാർശകൾ സ്വീകാര്യമാകാമെങ്കിലും ഇത് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച് വിജ്ഞാപനം ആക്കേണ്ടതുണ്ട്. ഇതിനു കടന്പകൾ നിരവധിയാണ്.
233.15 ചതുരശ്ര കിലോമീറ്ററിലേക്ക് ഇഎസ്എ
ഏഴാമത് കരട് വിജ്ഞാപനത്തിൽ ജില്ലയിൽ 1543.01 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരുന്നത്. ജനവാസ മേഖലകൾ ഒഴിവാക്കിയതോടെ 233.15 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പരിധി കുറഞ്ഞു. 1309.85 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാന സർക്കാർ ശിപാർശ ചെയ്തിരിക്കുന്നത്.
ജനവാസ മേഖലകളായ തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കിയാണ് സംസ്ഥാനം നൽകിയിരിക്കുന്ന ഭൂപടം. വടശേരിക്കര വില്ലേജിൽ ഇഎസ്എ പരിധിയിൽ ഉൾപ്പെടുന്നതിന്റെ പകുതിയിലേറെ ഭാഗം ഒഴിവാക്കിയിട്ടുണ്ട്.
ചിറ്റാറിൽ 22.03 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽ ഉൾപ്പെട്ടിരുന്നത് 2.11 ചതുരശ്ര കിലോമീറ്ററായി കുറച്ചുകൊണ്ടാണ് ശിപാർശ. സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകളുടെ മാപ്പിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ജനവാസ മേഖലകളും കൃഷിയിടവും ഒഴിവാക്കാനാണ് ശിപാർശ.
ശബരിമല ഒഴിവാകും
പെരിയാർ കടുവ സങ്കേതത്തോടു ചേർന്ന പ്രദേശങ്ങൾ ഇഎസ്എ പരിധിയിൽ തന്നെ തുടരും. വനത്തിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോണും ഏർപ്പെടുത്താനാണ് ശിപാർശ. ശബരിമല വനമേഖല ഉൾപ്പെടുന്ന പെരുനാട് വില്ലേജിലെ ജനവാസ മേഖല ഒഴിവാക്കണമെന്ന ശിപാർശ ഇതിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുക ബുദ്ധിമുട്ടാകും.
തീർഥാടന കേന്ദ്രമായ ശബരിമല സന്നിധാനം, പന്പ, നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് പ്രദേശങ്ങൾ ഇഎസ്എ ഭൂപടത്തിൽ നിന്നും ഒഴിവാക്കിയാണ് ശിപാർശ നൽകിയിരിക്കുന്നത്. എന്നാൽ ശബരിമലയുടെ അനുബന്ധ സ്ഥലങ്ങൾ ഇഎസ്എയിൽ തുടരുകയാണ്. ഇതോടെ ശബരിമലയിലെ വികസന പ്രവർത്തനങ്ങളിൽ ഇഎസ്എ തടസമായി വരും.
പ്രതികരണം
നിയന്ത്രണങ്ങൾ ബാധിക്കും
സംസ്ഥാനം തയാറാക്കി നൽകിയ മാപ്പിൽ പറയുന്ന സ്ഥലങ്ങളിൽ മാത്രം ഇഎസ്എ നിലനിർത്തണമെന്ന ശിപാർശ അംഗീകരിക്കപ്പെടണമെങ്കിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു മേൽ ശക്തമായ സമ്മർദം വേണം.
വനേതര ഭൂമിയിലേക്ക് വനസമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഭരണഘടനാപരമായി സ്വത്ത് സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
അഡ്വ. ജോണി കെ. ജോർജ്,
പത്തനംതിട്ട.
ജാഗ്രത തുടരണം
ഇഎസ്എ പരിധിയിൽ നിന്നും ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാന സർക്കാർ ശിപാർശ നൽകിയെങ്കിലും ജാഗ്രത കൈവിടരുത്. സർക്കാർ നൽകിയിട്ടുള്ള ശിപാർശയിൽ പോലും അവ്യക്തതയുണ്ട്. പ്രസിദ്ധീകരിച്ചിട്ടുള്ള മാപ്പും അപൂർണമാണ്. തണ്ണിത്തോട് വില്ലേജിന്റെ പരിധിയിൽ പല ജനവാസ മേഖലകളും ഇഎസ്എ പരിധിയിൽപെടുത്തിയാണ് ശിപാർശ പോയിട്ടുള്ളതെന്ന് മനസിലാക്കുന്നു. വനത്തിലൂടെയുള്ള റോഡ് പൂർണമായി ഇഎസ്എയിലാണ്. റോഡ് വികസനം ഇതോടെ തടസപ്പെടും.
പുതിയ റോഡുകളും പാലങ്ങളും വരില്ല. വനത്തിന്റെ ഒരു കിലോമീറ്റർ പരിധി ബഫർസോൺ ആകുന്നതും ഗുണകരമല്ല. നിയന്ത്രണങ്ങൾ കർശനമായിരിക്കും. ജനവാസ മേഖലകളെ സംബന്ധിച്ച് പുറത്തുവിട്ട കണക്കുകളിലും അവ്യക്തതയുണ്ട്.
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണം. കേന്ദ്രത്തിനുമേൽ ശക്തമായ സമ്മർദം ഉണ്ടായെങ്കിലേ അന്തിമ വിജ്ഞാപനത്തിൽ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുകയുള്ളൂ. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ നിലപാട് വ്യക്തമാകണം. പാർലമെന്റിനകത്തും പുറത്തും ശക്തമായ സമ്മർദമുണ്ടായെങ്കിൽ മാത്രമേ ഇഎസ്എ മൂലമുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് ജനങ്ങൾക്ക് അകന്നു നിൽക്കാൻ കഴിയൂ.
സോമരാജൻ കരിങ്കുറ്റിക്കൽ,
തണ്ണിത്തോട്.