ചങ്ങരംകുളം: കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷമായതോടെ പുഞ്ചപാടത്തുനിന്ന് നെല്ല് കൊണ്ടുപോകുന്നത് പ്രതിസന്ധിയിൽ.തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
പൊന്നാനി കോൾമേഖലയിൽ ആയിരക്കണക്കിന് ഏക്കറിലാണ് നെൽകൃഷി നടത്തുന്നത്.
വരൾച്ചയും പ്രളയവുമെല്ലാം കർഷകർക്ക് പരീക്ഷണമാണ്. മലയാളികളെ കൃഷിപ്പണിക്ക് കിട്ടാനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്രധാനമായും നെൽക്കൃഷി.നടീൽ മുതൽ വിളവിനു പാകമാകുന്നതുവരെ കർഷകർക്കൊപ്പം തൊഴിലാളികളും സജീവമായി ഉണ്ടാകാറുണ്ട്.
കൊയത്തുമെതി യന്ത്രങ്ങൾ എത്തിയതാണ് കർഷകർക്ക് ഏക ആശ്വാസം. കൊയ്തെടുത്ത നെല്ല് സാധാരണ വയലിൽ കൂട്ടിയിടുന്നത് പതിവാണെങ്കിലും സംഭരണകേന്ദ്രങ്ങളിൽ എത്തിക്കുന്നതുവരെ നെല്ല് ചാക്കിലാക്കി സുരക്ഷിത സ്ഥാനങ്ങളിൽ സൂക്ഷിക്കണം. തൊഴിലാളികളെ ലഭിക്കാത്തത് മൂലം നിരവധി കോൾപാടങ്ങളിൽ കൊയ്തെടുത്ത നെല്ല് വയലുകളിൽ കെട്ടിക്കിടക്കുന്നത് കർഷകർക്ക് ആശങ്കയാണ്.
വേനൽമഴ പെയ്താൽ ചാക്കു കണക്കിനു നെല്ല് നനഞ്ഞ് മുള പൊട്ടാനിടയുണ്ടെന്നതിനാലാണ് ആശങ്ക.കൊയ്തെടുത്ത നെല്ല് ഉണക്കി ചാക്കിൽ ആക്കുന്നതിനെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ് കർഷകർക്ക് സഹായം.
പലപ്പോഴും നെല്ലുസംഭരണം വൈകുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാൻ കാലതാമസമുണ്ടാകുന്നതും മറ്റൊരു പ്രശ്നമാണ്.അതേസമയം സീസണിലെ പുഞ്ച കൊയ്ത്ത് വലിയ പ്രതിസന്ധികളില്ലാതെ തീർന്നതിന്റെ ആശ്വാസത്തിലാണ് ഒരു വിഭാഗം കർഷകർ.
തരക്കേടില്ലാത്ത വിളവ് ഇത്തവണ ലഭിച്ചതിന്റെ ആശ്വാസവും കർഷകർക്കുണ്ട്. തുരുത്തുമ്മൽ കോൾ പടവിലും പരൂർ കോൾ പടവിലും നിലവിൽ കൊയ്ത്ത് അവസാനഘട്ടത്തിലാണ്.