വീട്ടിക്കുത്ത് സാംസ്കാരിക നിലയത്തിൽ യോഗാദിനത്തോടനുബന്ധിച്ച് നടത്തിയ പരീശിലനം.
മലപ്പുറം: ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ മലപ്പുറം, ജില്ലാ സ്പോർട്സ് കൗണ്‍സിൽ, ജില്ലാ യോഗ അസോസിയേഷൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ജില്ലാതല പരിപാടി മലപ്പുറം കോട്ടക്കുന്നിൽ നടന്നു. കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ വാർധക്യം യോഗയിലൂടെ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ഋഷികേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.കെ. അസ്ലു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. ഷിബുലാൽ, ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി എം.വി. വാസുണ്ണി, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാനവാസ് തയ്യിൽ, ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. പി. സുമേഷ് എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ഡോ. വി. പ്രസീദ, ടി.പി. ധനീഷ് എന്നിവരുടെ നേതൃത്വത്തിൽ 350 പേർ പങ്കെടുത്ത മാസ് യോഗ സെഷൻ നടന്നു. തുടർന്ന് യോഗ അസോസിയേഷൻ അംഗങ്ങളുടെ ആർട്ടിസ്റ്റിക് യോഗ, നാഷണൽ ആയുഷ് മിഷൻ ഇൻസ്ട്രക്ടേഴ്സിന്റെ യോഗ സ്കിറ്റ് എന്നിവ അരങ്ങേറി. ഇതോടൊപ്പം മേലാറ്റൂർ, അരീക്കോട്, അന്നപൂർണ എന്നീ യോഗ ക്ലബുകളിലെ അംഗങ്ങൾ അവതരിപ്പിച്ച യോഗ ഡാൻസും പരിപാടിയുടെ പ്രധാന ആകർഷണമായി.
Tags : Local News Nattuvishesham Malappuram