മണർകാട്: വിറകുപുരയ്ക്ക് തീപിടിച്ചു, പോലീസ് ഇടപെടലിൽ ഒഴിവായത് വൻദുരന്തം. കണിയാംകുന്ന് വളവിനു സമീപത്തെ വീട്ടിലൂണ് എന്ന സ്ഥാപനത്തോട് ചേർന്നുള്ള വിറകുപുരയ്ക്കാണ് തീപിടിച്ചത്.
വിറകുപുരയ്ക്കു തീപിടിച്ചതായി ഇന്നലെ പുലർച്ചെ കിട്ടിയ വിവരമനുസരിച്ച് വടവാതൂരിൽ പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മണർകാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാധാകൃഷ്ണൻ, സിപിഒ ജിനോയ്, എഎസ്ഐ അജീഷ് എന്നിവർ പോലീസ്ജീപ്പിൽ അതിവേഗം സ്ഥലത്തെത്തുകയായിരുന്നു. തീപടർന്ന വിറക് പുരയുടെ തൊട്ടടുത്തായി രണ്ട് ഗ്യാസ് കുറ്റികളും ഫ്രിഡ്ജും ഇരിക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ കഴിയുന്നത്ര രീതിയിൽ വെള്ളം എത്തിച്ചു തീ നിയന്ത്രണത്തിലാക്കുകയായിരുന്നു.
തുടർന്ന് വീട്ടുടമകളെ വിവരം അറിയിക്കാനായി പലതവണ വീടിന്റെ കോളിംഗ് ബെൽ അടിച്ചെങ്കിലും ആരെയും പുറത്തേക്കു കണ്ടില്ല. ഗ്യാസിലേക്കും തടികൊണ്ടുള്ള മേൽക്കൂരയിലേക്കും തീപടരാതെ നിയന്ത്രണ വിധേയമാക്കിക്കഴിഞ്ഞാണ് വീടിനുള്ളിലുണ്ടായിരുന്ന പ്രായമായ സ്ത്രീകളും കുട്ടികളും വീടിന്റെ പുറത്തേക്ക് ഇറങ്ങിയത്.
പോലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീ പൂർണമായി അണച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
Tags : Local News Nattuvishesham Kottayam