ഷെഫീഖ്
പനങ്ങാട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം പാർക്കിംഗ് നിരോധിത മേഖലയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ കയറ്റിവന്ന വാൻ ഇടിച്ച് യുവാവ് തത്ക്ഷണം മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷെഫീഖ് (42) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം പൂർണമായും തകർന്നു. പോലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഷെഫീഖിനെ പുറത്തെടുത്തത്. ഷെഫീഖിന്റെ സംസ്കാരം നടത്തി. മാതാവ്: ആരിഫ. ഭാര്യ: സൂരിജ. മക്കൾ: അൽഫിയ, ആദില, ആസിഫ്.
വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് അപകടം
വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ ഇവിടെ ഇതേ രീതിയിൽ അപകടം നടന്നിരുന്നു. അന്നും അനധികൃതമായി പാർക്ക് ചെയ്ത ലോറിയിൽ കളമശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാൻ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ നാലു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഈ അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ട മറ്റൊരു ലോറിയിലാണ് ഇന്നലെ അപകടത്തിനിടയാക്കിയത്.
പാർക്കിംഗ് നിരോധനമുണ്ടെങ്കിലും ഇവിടെ കണ്ടെയ്നർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. ഈ മേഖലയിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ട ലോറികളിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ട്.
Tags : Young man dies NattuVishasham DistrictNews