സന്തോഷ് കരുണാകരൻ
കൊല്ലം: വിദേശത്തെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കേസിലകപ്പെട്ട യുവാവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും സ്വന്തം നാട്ടിലേക്കു മടങ്ങാനാകുന്നില്ല.
പത്തനംതിട്ട വള്ളിക്കോട് നരിയാപുരം തേവരയ്യത്ത് സന്തോഷ് കരുണാകരനാണ് (48) ഈ ദുരവസ്ഥ. ഇതു സംബന്ധിച്ച് സന്തോഷിന്റെ മാതാവ് കമലമ്മ കരുണാകരന് ഡിജിപി, എഡിജിപി, ജില്ലാ പൊലിസ് മേധാവി, മനുഷ്യാവകാശ കമ്മിഷന് തുടങ്ങിയവര്‍ക്ക് പരാതി നല്കി. മുന്‍ ഡിജിപിയുടെ ബന്ധുവാണെന്ന് അവകാശപ്പെടുന്ന ഒഡീഷ സ്വദേശി അജിത്കുമാര്‍ മോഹപത്രയുടെ സ്വാധീനവും ഭീഷണികളും മൂലമാണു മകനു വീട്ടിലെത്താനാകാത്തതെന്നാണ് പരാതി.
വിദേശത്തു നടന്ന ബിസിനസ് തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി മകനെതിരേ അജിത്കുമാര്‍ മോഹപത്ര കേരളത്തില്‍ കേസുകള്‍ നല്‍കിയതായും പൊലിസിനെ സ്വാധീനിച്ചു നിയമനടപടികള്‍ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. കുവൈറ്റില്‍ ബിസിനസ് ചെയ്തിരുന്ന സന്തോഷിനെതിരേ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസുകള്‍ വരുന്നത്. കേരളത്തിലാണ് അദ്ദേഹത്തിനെതിരേ കേസുകള്‍ ഫയല്‍ ചെയ്തത്. ആ കേസുകളില്‍ 2021 ഏപ്രിലിൽ അദ്ദേഹത്തിനു മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും പരാതിക്കാരുടെ ഭീഷണി മൂലം മകന് കേരളത്തിലേക്ക് വരാൻ കഴിയുന്നില്ലെന്നാണ് മാതാവിന്റെ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ തമിഴ്നാട്ടിലാണ് സന്തോഷ്.
ഇതിന് പുറമേ മകനെതിരായ കേസുകള്‍ ഒത്തുതീർപ്പാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകയെന്നു പരിചയപ്പെടുത്തി എത്തിയ തിരുവനന്തപുരം സ്വദേശിനിയും അഭിഭാഷകനും ചേര്‍ന്ന് 95 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്നും പരാതിയില്‍ ആരോപണമുണ്ട്.