പ്രതീകാത്മക ചിത്രം
ചെറുതോണി: നേര്യമംഗലം - കുമളി സംസ്ഥാനപാതയോരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. ലോവർപെരിയാർ പാമ്പള ഡാമിനു സമീപം കരിമണൽ പൊലിസ് സ്റ്റേഷൻപരിധിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
രണ്ടു ദിവസം പഴക്കമുള്ള മൃതദേഹത്തിൽനിന്നു ചുരിദാറിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. പാമ്പള ഡാം കഴിഞ്ഞ് കോതമംഗലം റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതിചെയ്യുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പ്രവർത്തനം നിലച്ച പഴയൊരു കടയുടെ താഴ്ഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിലുള്ളത്. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇവിടെ എത്തിച്ച സാഹചര്യം, മരണകാരണം, സംഭവത്തിനു പിന്നിൽ കൊലപാതകമാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പൊലിസ് പറഞ്ഞു.
മൃതദേഹത്തിന്റെ തിരിച്ചറിയലും മരണകാരണവും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. ഇടുക്കി ഡിവൈഎസ്പി കെ.ആർ. മോഹൻദാസ്,സിഐ സിദ്ദിക് അബ്ദുൾഖാദർ, എസ്ഐ താജുദീൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.