ശ്രീജിത്ത്
തൃശൂർ: സ്വർണപ്പണയസ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിണിശേരി കുറുവത്ത് വീട്ടിൽ ഉരുക്ക് എന്ന ശ്രീജിത്തിനെയാണ്(44) ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.
ഒല്ലൂരിലെ ചെറുകുന്ന് ഫൈനാൻസ് എന്ന സ്ഥാപനത്തിൽ 20.500 ഗ്രാം തൂക്കംവരുന്ന മുക്കുമാല പണയംവച്ച് ഒരുലക്ഷം രൂപയും പുത്തൂർ കെഎൻഎസ് ടവറിൽ പ്രവർത്തിക്കുന്ന കല്ലൂർ ചിറ്റ്സ് ആൻഡ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 23.400 ഗ്രാം തൂക്കംവരുന്ന മുക്കുമാല പണയംവച്ച് രണ്ടുലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്.
പിന്നീടു മുക്കുപണ്ടമാണെന്നു മനസിലാക്കിയ സ്ഥാപനനടത്തിപ്പുകാർ ഒല്ലൂർ സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു.
തട്ടിപ്പിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരേ നെടുപുഴ, ഒല്ലൂർ, ടൗണ്‍ ഈസ്റ്റ്, ചേർപ്പ്, പുതുനഗരം എന്നീ പോലീസ് സ്റ്റേഷനുകളിലായി 21 ഓളം കേസുകൾ നിലവിലുണ്ടെന്നു പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദേശപ്രകാരം ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.പി. തോംസനാണ് കേസന്വേഷിച്ചത്. ഒല്ലൂർ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, സബ് ഇൻസ്പെക്ടർ ജീസ് മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ കെ.ജി.കിരണ്‍, വി.സി. രജീഷ്, കെ.എൻ. നിരാജ്മോൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags : Youth arrested nattuvishesham local news