പൂയപ്പള്ളി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില് 2.75 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്. ഇളമാട് തേവന്നൂര് മുകേഷ് വിലാസത്തില് മുകേഷി(38 )നെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത് ഓടനാവട്ടം കുടവട്ടൂര് പ്രദേശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും പതിവ് വാഹന-വ്യക്തി പരിശോധനകളുടെ ഭാഗമായും പോലീസ് നടത്തിയ പരിശോധനയിലാണ് മുകേഷ് കുടുങ്ങിയത്. പ്രാഥമിക അന്വേഷണത്തില്, സ്കൂളുകളും വിദ്യാര്ഥികള് കൂടുതലായി എത്തിച്ചേരുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഇയാള് കഞ്ചാവ് വില്പന നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്.
കൂടുതല് ആളുകള് ഈ ശൃംഖലയില് ഉള്പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. കഞ്ചാവ് എത്തിച്ച ഉറവിടം, വിതരണം ചെയ്തിരുന്ന മേഖലകള്, ഇയാളുമായി ബന്ധമുള്ള മറ്റ് പ്രതികള് എന്നിവയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷക്കണക്കിന് രൂപയുടെ വിപണി മൂല്യമുണ്ടെന്നാണ് വിലയിരുത്തല്. മുമ്പ് കഞ്ചാവ് കടത്തിയ കേസില് പാലക്കാട് പോലീസ് ഈയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില് കഴിയവേയാണ് വീണ്ടും പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.
മുകേഷ് സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.യുവാക്കളെയും വിദ്യാര്ഥിികളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘങ്ങള്ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും വരും ദിവസങ്ങളില് പരിശോധന കൂടുതല് കര്ശനമാക്കുമെന്നും പോലീസ് അറിയിച്ചു.അറസ്റ്റിലായ മുകേഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില് ഹാജരാക്കിയ ഇയാ ളെ റിമാന്ഡ് ചെയ്തു.