പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: സംശയാസ്പദമായ സാഹചര്യത്തില് കസ്റ്റഡിയിലെടുത്ത യുവാവ് പോക്സോ കേസില് റിമാന്ഡിൽ. തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് മഹജ് (24 ) ആണ് റിമാന്ഡിലായത്.
പൊലിസ് പറയുന്നത് ഇങ്ങനെ- കോഴിക്കോട് ഹോട്ടലില് ജോലിചെയ്യുന്ന മുഹമ്മദ് ഇന്സ്റ്റാഗ്രാം വഴിയാണ് കടുത്തുരുത്തി പൊലിസ് സ്റ്റേഷന് പരിധിയിലുള്ള പെണ്കുട്ടിയെ പരിചയപ്പെടുന്നത്.
കുറെ നാളായി മുഹമ്മദ് പെണ്കുട്ടിയുടെ വീട്ടില് രഹസ്യമായി വന്നുപോകുമായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില് കണ്ട മുഹമ്മദിനെ പിടികൂടി കൂടുതല് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള് വെളിവായത്. തുടര്ന്ന് പെണ്കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോസ്കോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഹമ്മദിനെ വ്യാഴാഴ്ച പുലര്ച്ച പട്രോളിംഗിനിടയില് സംശയാസ്പദമായ സാഹച ര്യത്തിൽ പൊലിസ് പിടികൂടി കടുത്തുരുത്തി പൊലിസ് സ്റ്റേഷനില് സൂക്ഷിച്ചിരിക്കുകയായിരുന്നു.
രാത്രി 7.30 ഓടെ കടുത്തുരുത്തി പൊലിസ് സ്റ്റേഷനില്നിന്ന് യുവാവ് ചാടിപ്പോയി. പൊലിസ് സ്റ്റേഷന് പിറകുവശത്തെ ക്വാര്ട്ടേഴ്സില് ഒളിച്ചിരുന്ന പ്രതിയെ ഏറെ നേരത്തേ തെരച്ചിലിനൊടുവില് നാട്ടുകാരും പൊലിസും ചേര്ന്ന് പിടികൂടുകയായിരുന്നു. രാത്രിയില് വൈദ്യുതി നിലച്ചപ്പോഴാണ് പ്രതി സ്റ്റേഷനില്നിന്നു ചാടിപ്പോയത്.