കൊച്ചി: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുഗ്രാം കഞ്ചാവും 0.33 ഗ്രാം എംഡിഎംഎയുമായി മൂന്നുയുവാക്കൾ പിടിയിലായി. വില്പനയ്ക്കെത്തിച്ച അഞ്ചു ഗ്രാം കഞ്ചാവുമായി മലപ്പുറം അരീക്കോട് കാരിപ്പറമ്പു വീട്ടില്‍ ഷാഹിദി(24)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.50 ന് മാധവ ഫാര്‍മസി ജംഗ്ഷനിലുളള ട്രാഫിക് കാബിന്റെ പിറകില്‍ സംശയാസ്പദ സാഹചര്യത്തിൽ നില്‍ക്കുകയായിരുന്ന യുവാവ് പോലീസ് പട്രോളിംഗിനിടെ പിടിയിലാകുകയായിരുന്നു. പോലീസിനെ കണ്ട് സിപ് ലോക്ക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പ്രതി വലിച്ചെറിഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
ആലപ്പുഴ അരൂക്കുറ്റി നദുവത്ത് നഗര്‍ പാവടി വീട്ടില്‍ ആദില്‍ (27), ചേര്‍ത്തല പട്ടണക്കാട് തെക്കോത്തിട്ടയില്‍ ദില്‍ജിത്ത് (21), വൈക്കം കുലശേഖരമംഗലം മാടത്തറ വീട്ടില്‍ രാഹുല്‍ (26) എന്നിവരെയാണ് 0.33 ഗ്രാം എംഡിഎംഎയുമായി എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 1.05 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ മസ്ജിദ് റോഡിലുള്ള മൂണ്‍ലൈറ്റ് ജെന്‍സ് ഹോസ്റ്റലിന്റെ ഒന്നാം നിലയെ മുറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.