പന്നിയങ്കര ടോൾപ്ലാസയിൽ വാഹനങ്ങൾ നിർത്തിയിട്ടപ്പോൾ.
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളെ പറ്റിച്ച് പണം വസൂലാക്കുന്ന ടോൾ കമ്പനിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
പ്രദേശവാസികൾ പുതിയ വാഹനം വാങ്ങിയാൽ അതിനു പാസ് കൊടുക്കാതെ ഉടമകളെ വട്ടംകറക്കുന്നതിനെതിരേ ഇന്നലെ വൈകീട്ട് ഒരുകൂട്ടം ചെറുപ്പക്കാർ പ്രതിഷേധവുമായി ടോൾപ്ലാസയിലെത്തി.
സൗജന്യപാസ് നൽകണമെന്നാവശ്യപ്പെട്ട് യുവാക്കൾ വാഹനങ്ങൾ ട്രാക്കുകളിൽ നിർത്തിയിട്ടു പ്രതിഷേധിച്ചു. പിന്നീട് പോലീസ് ഇടപ്പെട്ട് പ്രശ്നം ചർച്ച ചെയ്യാമെന്ന ധാരണയിലാണ് യുവാക്കൾ വാഹനങ്ങൾ മാറ്റിയത്.
പഴയ വാഹനംവിറ്റ് പുതിയതു വാങ്ങിയാലും പാസ് അനുവദിക്കുന്നില്ല. പ്രശ്നമാകുമെന്നുകണ്ടാൽ പരിശോധിക്കട്ടേ എന്നുപറയും. എന്തായാലും മൂന്നുമാസത്തെ കാലതാമസം വരുമെന്നും അതിനാൽ 340 രൂപയുടെ മാസപാസ് എടുക്കണമെന്ന് പറയും.
ഇത്തരത്തിൽ പ്രദേശവാസികളെ ചൂഷണം ചെയ്യുന്ന നടപടികളാണ് ടോൾ ബൂത്തിൽ നടക്കുന്നത്. യഥാസമയം പ്രവേശന പാസ് പുതുക്കുന്നവരുടെ വാഹനങ്ങൾ കടന്നു പോകുമ്പോഴും ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുന്നതായും പരാതിയുണ്ട്. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണ് കരാർകമ്പനി തന്നെ നേരത്തെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്. പാസ് പുതുക്കാനായി ഫോണിൽ സന്ദേശം വരുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരുടെ ഫോണിലേക്കും ടോൾ കമ്പനി സന്ദേശം അയക്കാറില്ല.
പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ് ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുക. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്.
അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും.
Tags : Nattuvishesham DistrictNews DeepikaNews Panniyankara toll plaza.